ഉത്ര കൊലപാതകം; സൂരജ് പാമ്പിനെ വാങ്ങിയ കാര്യം പറഞ്ഞിരുന്നുവെന്ന് സുഹൃത്ത്


അഞ്ചല്‍ ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. പാമ്പിനെ വാങ്ങിയ വിവരവും സൂരജ് പറഞ്ഞിരുന്നു. ഇന്നലെ സൂരജിന്റെ മൂന്നു സുഹൃത്തുക്കളെയും ഗുളിക വാങ്ങിച്ച മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരു സുഹൃത്താണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സുഹൃത്തിനോട് ഇക്കാര്യം സൂരജ് പറഞ്ഞത്. ഞായറാഴ്ചയാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിനായി എന്തിനാണ് അഭിഭാഷകനെ തേടുന്നതെന്ന് സൂരജിനോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ഇന്ന് സൂരജിന്റെ അമ്മയേയും സഹോദരിയെയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചിട്ടുണ്ട്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി ഹരിശങ്കര്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

SHARE