കുട്ടികള്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍

ന്യൂഡല്‍ഹി: യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത രാജ്യം കേട്ത് ഞെട്ടലോടെയാണ.് ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്.

എന്നാല്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍. ടൈംസ് നൗ ചാനലിലെ സംവാദത്തിനിടെ നവിക കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സംവാദത്തിനിടെ യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തക നിലപാട് വ്യക്തമാക്കിയത്.

‘ഇവിടെ യഥാര്‍ത്ഥ വിഷയം വന്ദേമാതരമാണ്. ചര്‍ച്ച ചെയ്യുന്നത് വന്ദേമാതരത്തെക്കുറിച്ചാണ്. നിങ്ങള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ്.’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശം. ‘എന്തുകൊണ്ട് മദ്രസകളിലെ സ്വാതന്ത്ര്യദിന ആഘോഷം വീഡിയോയില്‍ പകര്‍ത്തിക്കൂടാ’ എന്ന വിഷയത്തിലായിരുന്നു ടൈംസ് നൗ ചര്‍ച്ച സംഘടിപ്പിച്ചത്.
എന്നാല്‍ അവതരകയുടെ പരാമര്‍ശത്തോട് മാധ്യമപ്രവര്‍ത്തകനായ രജദീപ് സര്‍ദേശായി പ്രതികരിച്ചത്’മാധ്യമങ്ങളെ ദൈവം സഹായിക്കട്ടെ’ എന്ന പരിഹാസത്തോടെയാണ.്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്‌സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അതിനേക്കാള്‍ വലുത് മദ്രസകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ വന്ദേമാതരം പാടുന്നുണ്ടോ എന്നതാണ് എന്ന പ്രതികരണം നടത്തിയത്

അതേസമയം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികളുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനാണ് ഉത്തരവാദിത്തണെന്ന് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ഗോരഖ്പൂര്‍ ആസ്പത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ കേന്ദസര്‍ക്കാറും ഇടപെട്ടതായി പ്രധാനമന്ത്രിയും അറിയിച്ചു.