സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന് വീണ്ടും തിരിച്ചടി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് പറഞ്ഞു.

ലക്‌നൗവിലെ പ്രമുഖ കവലകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പ്രശ്‌നം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിന്നു.

SHARE