2002ല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷ്‌റഫ്

ദുബായ്: 2002 ല്‍ ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷ്റഫ്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിന് ആലോചിച്ചതെന്നും എന്നാല്‍ തിരിച്ചടി ഭയന്ന് പിന്മാറുകയായിരുന്നെന്നും മുഷ്റഫ് വെളിപ്പെടുത്തി. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് നിരവധി രാത്രികളില്‍ ഉറങ്ങാനായിരുന്നില്ലെന്നും മുഷറഫ് പറഞ്ഞു. 2002ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ ആണവായുധം ഉപയോഗിക്കുന്നത് സംബന്ധിച്ച ആശങ്ക കൂടുതല്‍ ശക്തമായിരുന്നു. എന്നാല്‍ ഇന്ത്യയോ പാകിസ്താനോ അന്ന് മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്റഫ് പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയും അങ്ങനെ ചെയ്തിരുന്നതായി കരുതുന്നില്ല. ദൈവത്തിനു നന്ദി- മുഷറഫ് പറഞ്ഞു. 1999 ഒക്ടോബറില്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു പര്‍വേസ് മുഷറഫ്. 2001 മുതല്‍ 2008 വരെ മുഷറഫ് പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്നു. പിന്നീട് രാജിവച്ചു. ബേനസീര്‍ ഭൂട്ടോ വധം, ജഡ്ജിമാരെ തടവിലാക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന മുഷറഫ് ചികില്‍സക്കായി പ്രത്യേക അനുമതിയോടെയാണ് ദുബായിലെത്തിയത്.
ഹര്‍ജി തള്ളി; ഇന്ദു സര്‍ക്കാര്‍ ഇന്ന് തിയേറ്ററുകളില്‍
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാരിന്റെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി. ഇതോടെ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. സിനിമയാകുമ്പോള്‍ നാടകീയത ഉണ്ടാകുമെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന സിനിമയില്‍ അനുപം ഖേര്‍, നീല്‍ നിഥിന്‍ മുകേഷ്, കീര്‍ത്തി കല്‍ഹരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സഞ്ജയ് ഗാന്ധിയുടെ മകളെന്ന് അവകാശപ്പെടുന്ന പ്രിയ സിങ് പോളാണ് ചിത്രത്തിന്റെ റിലീസിങിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ‘ഇന്ദു സര്‍ക്കാര്‍’ വളച്ചൊടിച്ച സത്യങ്ങളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നിറഞ്ഞതാണെന്നും ഇതു മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നതാണെന്നുമായിരുന്നു പ്രിയയുടെ ആരോപണം. സിനിമക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല.

SHARE