ഫോണ്‍ പോലെ ചാര്‍ജ് ചെയ്യാം; വൈറസിനെ കൊല്ലുന്ന മാസ്‌ക്കുമായി ഗവേഷകര്‍

മാസ്‌ക് കോവിഡിനെ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കുറേയധികം പഠനങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പറ്റുന്ന മാസ്‌കിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇസ്രയേലിലെ ഹൈഫയിലുള്ള ടെക്‌നിയോണ്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘമാണ് സ്വയം അണുനശീകരണം നടത്തി വൈറസിനെ കൊല്ലുന്ന മാസ്‌ക് കണ്ടെത്തിയത്.

വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മാസ്‌ക് കാഴ്ചയില്‍ എന്‍95 മാസ്‌ക് പോലെതന്നെ. പക്ഷേ, ഇതിന്റെ വശത്തായി ഒരു യുഎസ്ബി പോര്‍ട്ടുണ്ട്. ഈ പോര്‍ട്ടിലേക്ക് ചാര്‍ജര്‍ കുത്തിയാല്‍ അര മണിക്കൂറില്‍ ഇത് വൈറസിനെ നശിപ്പിക്കും. ചാര്‍ജ് ചെയ്യുമ്പോള്‍ ഇതിന്റെ ഉള്ളിലുള്ള കാര്‍ബണ്‍ ഫൈബര്‍ പാളി 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടായിട്ടാണ് മാസ്‌കില്‍ അടിഞ്ഞു കൂടിയ വൈറസിനെ നശിപ്പിക്കുന്നത്.

എന്നാല്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടു കൊണ്ട് ഈ മാസ്‌ക് ഉപയോഗിക്കരുതെന്ന് ഗവേഷണസംഘം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം ചൂടാകുന്നത് മാസ്‌കിന്റെ നിര്‍മാണ സാമഗ്രിയെ നശിപ്പിക്കാമെന്നും ഇത് അണുക്കളെ തടയുന്നതിനുള്ള അതിന്റെ ശേഷി കുറയ്ക്കുമെന്നും ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ച പ്രോട്ടോടൈപ്പ് 20 തവണ ചാര്‍ജ് ചെയ്തിട്ടും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് ഗവേഷണ സംഘം അവകാശപ്പെടുന്നു.

SHARE