വംശീയ അതിക്രമം; യു.എസില്‍ അടങ്ങാത്ത പ്രക്ഷോഭം സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്


വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് യുഎസില്‍ തെരുവു പ്രക്ഷോഭം കനത്തു. മൂന്നാം ദിവസവും വന്‍ പ്രതിഷേധമാണ് തെരുവുകളില്‍ അരങ്ങേറിയത്. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘര്‍ഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിന്‍ക്റ്റ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു പ്രക്ഷോഭകര്‍ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

വംശീയ അതിക്രമത്തിനെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ബാങ്കുകളും കടകളും കുത്തിത്തുറന്നു കൊള്ളയടിച്ചു. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഒമര്‍ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി. സിഎന്‍എന്നിന്റെ മറ്റു 2 മാധ്യമപ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസില്‍ റെയില്‍ ഗതാഗതവും ബസ് സര്‍വീസും ഞായറാഴ്ച വരെ നിര്‍ത്തിവച്ചു.

തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസില്‍, ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയത്. പ്രക്ഷോഭകരെ അക്രമികള്‍ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സംസ്ഥാനത്തു ഭരണനേതൃത്വമില്ലെന്നും വിമര്‍ശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

SHARE