ന്യൂയോര്‍ക്ക്: കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കഴിച്ച രോഗി മരിച്ചു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. മലേറിയക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിന് സ്വയം ചികിത്സ നടത്തിയാണ് അരിസോണ സ്വദേശിയായ രോഗി കഴിച്ചത്. കോവിഡ് ബാധയുള്ള വ്യക്തിയുമായി സമ്പര്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ക്ലോറോക്വിന് കഴിച്ചത്. എന്നാല്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
മലേറിയയുടെ മരുന്ന് കോവിഡിനെ മാറ്റില്ലെന്നും അത് മരണത്തിന് വരെ കാരണമാകാമെന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് കൊവിഡ് 19ന് ക്ലോറോക്വിന് ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നത്. ക്ലോറോക്വിന് കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് അമേരിക്കയില്‍ വലിയ വിവാദത്തിനും കാരണമായിരുന്നു. ക്ലോറോക്വിന് ഉപയോഗിക്കുന്നത് മണ്ടത്തരമാണെന്നും ആളുകള്‍ വിഡ്ഢിത്തരം ചെയ്യരുതെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.
മീന്‍വളര്‍ത്തുന്ന അക്വേറിയം വൃത്തിയാക്കാന്‍ കൊണ്ടുവന്ന ക്ലോറോക്വിന് ഫോസ്ഫേറ്റാണ് ഇവര്‍ കഴിച്ചതെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു.
്അതേസമയം, കൊവിഡ് 19നെക്കുറിച്ച് അമേരിക്കള്‍ ജനതയില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചിലര്‍ രോഗത്തെ തടുക്കാന്‍ സ്വയം വഴി തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ ഡാനിയല്‍ ബ്രൂക്സ് പറഞ്ഞു.