ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്കു നേരെ വണ്ടിയിടിച്ചു കയറ്റി പൊലീസിന്റെ ക്രൂരത വീഡിയോ


അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യയില്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബ്രൂക്ലിന്‍ തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ നേരെയാണ് പൊലീസ് വാഹനം ഇടിച്ചു കയറ്റുന്നത്.
ബാരിക്കേഡുകള്‍ക്ക് പിന്നില്‍ നിന്ന് പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവരെ ക്രൂരമായാണ് പൊലീസ് നേരിടുന്നത്.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. മിനിയപോളിസ് പൊലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തീയിട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മിനിയപോളിസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് വകവയ്ക്കാതെയാണ് ജനം തെരുവിലിറങ്ങുന്നത്.

SHARE