അമേരിക്കയില്‍ കോവിഡ് ബാധിച്ച് 6786 പേര്‍ മരിച്ചു


ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 6,786 ആയി. രണ്ടര ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 11,972 പേര്‍ക്ക് രോഗം ഭേദമായി. മുപ്പതിനായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗബാധ സ്ഥിരീകരിച്ചത്. അയ്യായിരത്തിലധികം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കൊവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ രാജ്യത്ത് മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ റഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍ 95 മാസ്‌കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്ത് കഴിഞ്ഞതോടെയാണ് വിദേശസഹായം തേടേണ്ടിവന്നത്. 11 കമ്പനികളാണ് നിലവില്‍ യുഎസില്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.

അതേസമയം, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 ശതമാനം അമേരിക്കക്കാരും ലോക്ക്ഡൗണിലായി.

SHARE