വാഷിങ്ടണ്‍: അന്തരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ ചൈന നിലയ്ക്കുനിര്ത്തുന്നില്ലെങ്കില് അമേരിക്ക തന്നെ അതു ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ ചൈനയുടെ സഹകരണം ഉറപ്പാക്കുന്നതിന് വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യു.എസ് സന്ദര്‍ശനത്തിന് എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ട്രംപിന്റ് പ്രസ്താവനയെന്ന് റിപ്പോര്‍ട്ടുണ്ട്.
‘ഉത്തരകൊറിയക്കുമേല് ചൈനക്ക് വലിയ സ്വാധീനമുണ്ട്. ഉത്തരകൊറിയന്‍ വിഷയത്തില്‍ ചൈനക്ക് അമേരിക്കയുമായി സഹകരിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്യാം. സഹകരിക്കുന്നതായിരിക്കും ചൈനക്ക് നല്ലത്.
അല്ലാത്തപക്ഷം ആര്‍ക്കും ഗുണകരമാവില്ല. ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ അമേരിക്കയെ സഹായിക്കുകയാണെങ്കില്‍ ചൈനക്ക് വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം കൊറിയന്‍ മേഖലയില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കി. യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനയോട് ചൈന എങ്ങനെയാണ് പ്രതികരിക്കുകയെന്ന് വ്യക്തമല്ല.
അന്താരാഷ്ട്ര തലത്തില്‍ ഉത്തരകൊറിയക്ക് പിന്തണ നല്കുന്ന പ്രമുഖ രാജ്യമാണ് ചൈന.
യു.എന്‍ ഉപരോധങ്ങളുമായി ചൈന ഭാഗികമായി സഹകരിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ അസ്ഥിരപ്പെടുത്തുന്ന ഒരു നീക്കത്തിനും ചൈനീസ് ഭരണകൂടം തയാറല്ല. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ അമേരിക്ക എന്തു നടപടി സ്വീകരിക്കുമെന്നതും അവ്യക്തമാണ്. സാമ്പത്തിക നടപടികള്‍ക്കുപുറമെ സൈനിക നീക്കങ്ങള്‍ കൂടി ആവശ്യമാണെന്നാണ് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ട്രംപിന് നല്‍കിയിരിക്കുന്ന പ്രധാന ഉപദേശം. ഉത്തരകൊറിയയില്‍ സൈനികമായി നേരിട്ട് ഇടപെടുന്നതിനോട് അമേരിക്കന്‍ പ്രതിരോധ വിദഗ്ധരില്‍ പലര്‍ക്കും യോജിപ്പില്ല. അത് വലിയൊരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.
നിയന്ത്രിത വ്യോമാക്രമണങ്ങളിലാണ് അവര്‍ക്ക് താല്പര്യം. ജിന്‍പിങുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ പ്രശ്നമായിരിക്കും ട്രംപ് ഉന്നയിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.