“ഇന്ത്യയെ നോക്കൂ”; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കണക്കില്‍ ഇന്ത്യയെ ഇകഴ്ത്തി ട്രംപ്

വാഷിങ്ങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ്-19 വ്യാപനം തന്റെ സര്‍ക്കാറിനും രാഷ്ട്രീയ ഭാവിക്കും കടുത്ത പ്രതിസന്ധിയുയര്‍ത്തിയിരിക്കെ ഭരണ പരാജയത്തിനെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്‍ക്കാന്‍ മോദി സര്‍ക്കാറിന്റെ പരാജയത്തെ ഉപയോഗപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് പരിശോധയുടെ എണ്ണത്തില്‍ ഇന്ത്യയുമായുള്ള താരതമ്യങ്ങളും കണക്കുകളും നിരത്തിയാണ് ഇപ്പോള്‍ തങ്ങള്‍ മികച്ചത് എന്ന് ട്രംപ് വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുന്നത്.

വെള്ളിയാഴ്ച ഫ്‌ലോറിഡയില്‍ വച്ചായിരുന്നു ഇന്ത്യയെ ഇകഴ്ത്തിയും മോദി ഭരണത്തിന്റെ പരാജയത്തെ തുറന്നുകാട്ടിയുമുന്നു പ്രസിഡന്റ് ട്രംപിന്റെ താരതമ്യപ്പെടുത്തല്‍്.

പരിശോധന മാത്രം എടുക്കുമ്പോള്‍ രാജ്യത്ത് തങ്ങള്‍ ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും ആറിരട്ടി കൂടുതലാണ്, ട്രംപ് പറഞ്ഞു. ”നിങ്ങള്‍ ഇന്ത്യയിലേക്ക് നോക്കു, അവിടെ 11 ദശലക്ഷം മാത്രമാണ് പരിശോധന’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാധാരണ ട്രംപ് ഡയലോഗ് മാത്രമായിരുന്നില്ലത്, മറിച്ച് ഇന്ത്യയുമായുള്ള താരതമ്യപ്പെടുത്തി വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ട്രംപ് ഉപയോഗപ്പെടുത്തിയതെതും ശ്രദ്ധേയമാണ്. ഹൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെയ് മക്ഇനാനി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥാപിച്ചിരുന്നു. ഞങ്ങള്‍ അഞ്ച് മുതല്‍ 59 ദശലക്ഷത്തിലധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്; ഇന്ത്യ 14-ാം സ്ഥാനത്താണ്, വെറും 14 ദശലക്ഷം ടെസ്റ്റുകള്‍. അതിനാല്‍ അവിടെ വളരെ വ്യത്യാസമാണ് സ്ഥിതി എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

”ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് -19 പരീക്ഷണ സംവിധാനം സൃഷ്ടിച്ചു’വെന്ന ട്രംപിന്റെ അവകാശവാദത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഈ പ്രസ്താവന വൈറ്റ്്ഹൗസ് പുറത്തിറക്കിയത്. ഇപ്പോള്‍ പ്രതിദിനം ശരാശരി 810,000 ടെസ്റ്റുകള്‍ നടത്തുന്നതായും ജൂലൈയില്‍ പ്രതിദിനം 930,000 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയിരുന്നെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. ”അമേരിക്കയെക്കാള്‍ നാലിരട്ടിയിലധികം ജനസംഖ്യ ഇന്ത്യയിലുണ്ട്. എന്നാല്‍, അതിന്റെ മൂന്നിലൊന്ന് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ നടത്തിയതെന്നും, പ്ര്‌സ്താവനയില്‍ താരതമ്യപ്പെടുത്തുന്നുണ്ട്.

അതേസമയം, ഐസിഎംആര്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ 18,190,382 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍, വൈറ്റ് ഹൗസ് ഇന്ത്യയുമായുള്ള താരതമ്യം നടത്തുന്നതില്‍ വളരെയധികം കുറച്ചാണ് കാണിച്ചിരിക്കുന്നത്. തങ്ങളുടെയാണ് ഏറ്റവും മികച്ച പരിശോധന എന്ന് കാണിക്കുന്നതിനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നേരത്തേയും ഇത്തരത്തില്‍ കോവിഡ് വിഷയത്തില്‍ ഇന്ത്യ ഇകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ട്രംപുമായി നല്ല ചങ്ങാത്തമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് ജനപിന്തുണ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഡെമോഗ്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.