വാഷിങ്ടണ്‍: കോവിഡ് വൈറസ് മനുഷ്യനെ ഭീതിയില്‍ നിര്‍ത്തുന്ന വേളയിലും ലോകത്തെ പലയിടത്തു നിന്നും ചില സന്തോഷകരമായ വാര്‍ത്തകള്‍ കൂടി വരുന്നുണ്ട്. അതിലൊന്നാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച യു.എസില്‍ നിന്ന് കേള്‍ക്കുന്നത്. വെടിവയ്പ്പിന് പേരു കേട്ട യു.എസില്‍ മാര്‍ച്ച് മാസത്തില്‍ ഒരു സ്കൂളിലും ഒരു വെടിവയ്പ്പ് പോലും നടന്നില്ല എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ 2002ന് ശേഷം ആദ്യമായാണ് സ്കൂളുകളില്‍ വെടിയൊച്ച നിലയ്ക്കുന്നത്.
വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ റോബര്‍ട്ട് ക്ലംകോയാണ് ഈ വിവരം ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ കുറിപ്പിട്ടത്. ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന് അടക്കമുള്ളവര്‍ ട്വീറ്റ് റിട്വീറ്റ് ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മദ്ധ്യത്തോടെ സ്കൂളുകള്‍ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മിക്ക സ്കൂളുകളും അടയ്ക്കുകയും ചെയ്തിരുന്നു.
അതിനിടെ, രാജ്യത്ത് തോക്കുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് പറയുന്നു. കോളറാഡോയില്‍ മാത്രം ആയിരം ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടായത്. അരിസോണയില്‍ 945 ശതമാനവും ഓഹിയോയില്‍ 897 ശതമാനവും ഉയര്‍ന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയില്‍ 23,068 പേരാണ് ഇതുവരെ മരിച്ചത്. 576,695 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്.