ഉത്തരകൊറിയയെ ആക്രമിക്കും; ട്രംപിന്റെ നീക്കം വെളിപ്പെടുത്തി യു.എസ് സെനറ്റര്‍

വാഷിങ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയാക്കിയ ഉത്തരകൊറിയക്കെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തി യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. ഉത്തരകൊറിയയെ നശിപ്പിക്കാന്‍ യുദ്ധത്തിനുവരെ തയാറാണെന്ന് ട്രംപ് തന്നോട് പറഞ്ഞുവെന്നാണ് ഗ്രഹാം പറയുന്നത്. ഇന്നു രാവിലെ നടന്ന എന്‍ബിസി ഷോയിലാണ് റിപ്പബ്ലിക്കന്‍ സെനറ്ററായ ഗ്രഹാമിന്റെ വെളിപ്പെടുത്തല്‍. ദീര്‍ഘദൂര ആണവമിസൈല്‍ പ്രയോഗിച്ചോ നേരിട്ടുള്ള യുദ്ധത്തിലൂടെയോ ഉത്തരകൊറിയയെ തകര്‍ക്കാനാകുമെന്ന് ട്രംപ് വിശ്വസിച്ചിരുന്നു. ഉത്തരകൊറിയയുടെ പദ്ധതികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആണവ ആക്രമണത്തിലൂടെ ഉത്തരകൊറിയയെ തന്നെ നശിപ്പിക്കാനാകുമെന്നും ട്രംപ് പറഞ്ഞതായി ഗ്രഹാം വെളിപ്പെടുത്തി. ഉത്തരകൊറിയയുടെ നീക്കത്തില്‍ അമേരിക്കന്‍ മണ്ണ് അസ്വസ്ഥമാണ്. അതിനാല്‍ യു.എസ് അടിയന്തരമായി നീക്കം നടത്തേണ്ടതുണ്ട്. വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് ഗ്രഹാം എന്‍ബിസി ഷോയില്‍ പറഞ്ഞു.
യു.എസിനെ മുഴുവന്‍ പരിധിയിലാക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിനു തിരിച്ചടിയായി കൊറിയന്‍ മുനമ്പിനു മുകളിലൂടെ രണ്ട് യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തുകയും ചെയ്തിരുന്നു.