കൊറോണ സ്ഥിരീകരണം 15 ലക്ഷം പിന്നിട്ടു; ആകെ മരണം 88,000; അമേരിക്കയില്‍ 24 മണിക്കൂറില്‍ 2000ത്തോളം മരണം

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ ആവുന്നത്ര കര്‍ശനമാക്കിയിട്ടും ഭീതിയില്‍ നിന്നും വിട്ടുമാറാനാവാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ കൊറോണ സ്ഥിരീകരണം 15, ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം ലോകത്താകെ ഇതേവരെ 15,15,719 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. മരണസംഖ്യ 88,502 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 2000 ത്തോളം പേര്‍ മരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക്. യുഎസില്‍ ഇതിനകം 14,795 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4,35000 കടന്നു. യുഎസില്‍ മരിച്ചവരില്‍ 11 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മറ്റൊരു 16 ഇന്ത്യക്കാര്‍ യുഎസില്‍ അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിച്ചു. പൊട്ടിത്തെറിയുടെ പുതിയ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ പുറത്തുവരുന്നത്. 6,000-ത്തിലധികം മരണങ്ങളും 1,38,000-ത്തിലധികം അണുബാധകളും ന്യൂയോര്‍ക്കിലാണ്. ന്യൂജേഴ്സിയില്‍ 1,500 മരണങ്ങളും 48,000 ത്തോളം അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആള്‍നാശത്തിലും അമേരിക്ക രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം പോരാണ് യുഎസില്‍ മാത്രം മരിച്ചത്. ഏറ്റവും കൂടുതല്‍ ആള്‍നാശം ഇറ്റലിയിലാണ്, 17,669 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്‌പെയ്‌നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മരണം 14,792 ആയി.

ഫ്രാന്‍സിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയര്‍ന്നു. ജര്‍മനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകള്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും രോഗം ഭേദമായി ആസ്പത്രിവിട്ടു.

ബ്രിട്ടണ്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇറാനില്‍ 64,586 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രിട്ടണില്‍ രോഗികളുടെ എണ്ണം 60000 പിന്നിട്ടു. തുര്‍ക്കിയില്‍ 38000 കടന്നു. അതേസമയം ലോകത്താകെ രോഗംഭേദമായവരുടെ എണ്ണം ആശ്വാസകരമാണ്. ചികിത്സയിലുള്ള 3,29,731 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. ചൈനയില്‍ മാത്രം 77567 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതിനോടകം 5,194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ചൊവ്വാഴ്ച മാത്രം 773 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായി. ഇതില്‍ 32 പേര്‍ ഇന്നലെ മാത്രം മരിച്ചു. 402 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്തു.