അമേരിക്കയില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക്; ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

വാഷിങ്ടന്‍: കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്നതിനെതിരായ പ്രതിഷേധം അമേരിക്കയില്‍ ആളിപ്പടരുന്നു. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

മേയ് 25ന് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പൊലീസ് അതിക്രൂരമായി കഴുത്തില്‍ കാലമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കാല്‍മുട്ട് കഴുത്തില്‍ അമര്‍ന്നതിന്റെ വേദനയില്‍ ജീവന് വേണ്ടി യാചിക്കുന്ന ജോര്‍ജ് ഫ്‌ളോയിഡ് പറഞ്ഞ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വാക്കുകള്‍ ഏറ്റെടുത്താണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

SHARE