രണ്ടര ലക്ഷം ഡോളര്‍ മുടക്കാനുണ്ടോ; യു.എസിലെ ഏക സ്വകാര്യ ദീപ് സ്വന്തമാക്കാം!

ന്യൂയോര്‍ക്ക്: കോവിഡ് കാലത്ത് എങ്ങനെയങ്കിലും സന്ദര്‍ശകരെ ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് ടൂര്‍ ഓപറേറ്റര്‍മാര്‍. പലവിധ ഓഫറുകളുമായി അവര്‍ സഞ്ചാരികള്‍ക്ക് പിറകെ തന്നെയുണ്ട്. കോവിഡ് ഈയടുത്തൊന്നും വിട്ടു പോകാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

അങ്ങനെയൊരു എക്‌സ്‌ക്ലൂസീവ് ഓഫറാണ് യു.എസിലെ ലിറ്റില്‍ പാം ഐലന്റ് മുമ്പോട്ടു വയ്ക്കുന്നത്. രണ്ടര ലക്ഷം ഡോളറിന് ദ്വീപ് തന്നെ കുറച്ചു ദിവസത്തേക്ക് സ്വന്തമാക്കാനുള്ള ഓഫറാണ് കമ്പനി മുമ്പോട്ടുവച്ചത്. ഫ്‌ളോറിഡയിലെ നാലേക്കര്‍ വരുന്ന ലിറ്റില്‍ പാം ഐലന്റ് യു.എസിലെ ഏക സ്വകാര്യ ദ്വീപാണ്.

കാല്‍ ലക്ഷം ഡോളര്‍ മുടക്കിയാല്‍ മുപ്പത് പേര്‍ക്കാണ് ദ്വീപില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കുക. ആളു കുറയുന്നതിന് അനുസരിച്ച് തുകയും കൂടും. ദ്വീപ് വാങ്ങുന്നത് എല്ലാ കാലത്തേക്കുമാണ് എന്നു ധരിക്കരുത്. രണ്ടരലക്ഷം ഡോളറിന് മൂന്നു ദിവസമാണ് സമയപരിധി.

അത്യാഡംബര സൗകര്യങ്ങളാണ് ദ്വീപിനെ കോടീശ്വര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. 10 ആഡംബര നൗകകള്‍, ആള്‍ക്കഹോളിക് ബീവറേജ്, സ്യൂട്ടുകള്‍, ഷാംപയിന്‍ പാര്‍ട്ടികള്‍ എന്നിവയെല്ലാം ദ്വീപില്‍ സജ്ജം. കടലില്‍ സ്‌കൂബ ഡൈവിങും കരയില്‍ കാസിനോ നൈറ്റുമുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ദ്വീപില്‍ വൃത്തിയും സാമൂഹിക അകലവും ഉറപ്പു നല്‍കുന്നുവെന്ന് ജനറല്‍ മാനേജര്‍ കെവിന്‍ ഗീനിഡ്‌സ് പറയുന്നു.

SHARE