പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പുമായി ‘ഹൗഡി മോദി’; ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മോദി

‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചടങ്ങില്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ച മോദി, ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞു. ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും മറന്നില്ല. അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നായിരുന്നു മോദിയുടെ പരാമര്‍ശനം. ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു.

അതേസമയം ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയ ചടങ്ങായി ഹൂസ്റ്റണില്‍ ഹൗഡി മോദി സംഗമം. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന അമേരക്കയില്‍ ട്രംപിനും ദേശീയതയില്‍ മോദിക്കും ഇത് രാഷ്ട്രീയനേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കന്‍ പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. അതിഥിയായി ഏതാനും മിനിറ്റുകൾ മാത്രം ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം ആണ് വേദിയിൽ ചിലവിട്ടത്. 

ഹൂസ്റ്റണിലെ ഹൗഡി മോദി വേദി കോര്‍പ്പറേറ്റ് ശൈലിയും വംശീയ വാദവും തുടരുന്ന ഡോണള്‍ഡ് ട്രംപിന് അടുത്ത അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിജയത്തിനും, ജമ്മുകശ്മീര്‍ വിഷയത്തിലെ പാകിസ്ഥാന്‍ നീക്കം പ്രതിരോധിക്കാന്‍ നരേന്ദ്രമോദിക്ക് അമേരിക്കയുടെ പിന്തുണ കാര്യത്തിലുംവന്‍ വിജയം പ്രകടമാക്കുന്ന ചടങ്ങായി മാറി.

തൊട്ടടുത്ത് നിന്ന ഡോണള്‍ഡ് ട്രംപിനേയും ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ കൂടിയിരുന്ന ആളുകളേയും കൈയിലെടുക്കുന്ന രീതിയിലായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ മോദി മടിച്ചില്ല. പാകിസ്ഥാനെ കടന്നാക്രമിച്ച് ഭീകരവാദത്തിലേക്ക് ചർച്ച തിരിച്ചു കൊണ്ടു വന്നു. പ്രത്യേക പദവി നീക്കിയതിന് ബിജെപി പറയുന്ന കാരണങ്ങളാണ് മോദി അവതരിപ്പിച്ചത്.  ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്ക്കുമെന്ന് ട്രംപും പറഞ്ഞു. ഇസ്ലാമിക ഭീകരവാദം എന്ന ട്രംപിന്‍റെ പരാമർശത്തിന് കിട്ടിയ ആരവം ഇന്ത്യയിലെ പൊതുവികാരമായി അവതരിപ്പിക്കാൻ മോദിക്കായി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണവും ട്രംപ് സ്വീകരിച്ചു. ഹൗഡി മോദി വേദിയില്‍ ഇരു നേതാക്കളും സെല്‍ഫിയെടുത്തു.

ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത് ഹൗഡി മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പാണ് ഒരുക്കിയത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്‌റ്റേഡിയിത്തില്‍ എത്തിയത്. അന്‍പതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എന്‍ആര്‍ജി സ്‌റ്റേഡിയത്തിലെത്തിയത്. അതേസമയം സ്‌റ്റേഡിയത്തിന് പുറത്ത് ഹൗഡി മോദി പരിപാടിക്കെതിരെ വമ്പന്‍ പ്രതിഷേധം നടക്കുന്നുണ്ട്.