പസഫിക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ യു.എസിന്റെ അസാധാരണ സേനാ വിന്യാസം; മൂന്ന് വിമാനവാഹിനിക്കപ്പല്‍ സജ്ജം

വാഷിങ്ടണ്‍: അസാധാരണ സൈനിക നീക്കങ്ങളിലൊന്നില്‍ ചൈനയ്‌ക്കെതിരെ പടയൊരുക്കം നടത്തി യു.എസ്. പസഫിക് സമുദ്രത്തില്‍ മൂന്ന് വന്‍ വിമാനവാഹിനിക്കപ്പല്‍ എത്തിച്ചാണ് യു.എസ് ചൈനയെ ആശങ്കയിലാക്കിയത്.

യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണ് പട്രോളിങ് നടത്തുന്നത്. വാര്‍ത്താ കുറിപ്പില്‍ യുഎസ് നേവിയാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഭവങ്ങളുമായി സേനാ വിന്യാസത്തിന് ബന്ധമില്ലെന്നും ഇന്തോ-പസഫിക് മേഖലയിലെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഇതെന്നും യു.എസ് നേവി വക്താവ് റീന്‍ മോംസണ്‍ വ്യക്തമാക്കി.

ഓരോ കപ്പലിലും അറുപതിലേറെ യുദ്ധവിമാനങ്ങളാണ് ഉള്ളത്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് വലിയ സൈനിക സാന്നിദ്ധ്യം ആദ്യമായാണ്.

ദക്ഷിണ ചൈനാ കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് യു.എസിന്റെ ലക്ഷ്യം. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തു വന്നിരുന്നു.

മെയ് മാസത്തിലും സമാന രീതിയില്‍ യു.എസ് അപ്രതീക്ഷിത സൈനിക നീക്കം നടത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്.

വന്‍തോതില്‍ വാണിജ്യ ചരക്കു നീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിന്റെ അധീനത ചൈന എക്കാലത്തും ആഗ്രഹിക്കുന്നതാണ്. പ്രതിവര്‍ഷം പ്രതിവര്‍ഷം ചുരുങ്ങിയത് അഞ്ച് ട്രില്യന്‍ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കമാണ് കടല്‍ വഴി നടക്കുന്നത്. സൂയസ് കനാലിലൂടെ നടക്കുന്ന എണ്ണയുടെ അഞ്ചിരട്ടി വ്യാപാരമാണ് ദക്ഷിണാ ചൈനാ കടലും ഇന്ത്യ മഹാസമുദ്രവും സംഗമിക്കുന്ന പ്രധാന പാതയായ മലാക്ക കടലിടുക്കിലൂടെ നടക്കുന്നത്.

വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെയ്, തയ്വാന്‍ എന്നീ രാജ്യങ്ങളും ഈ അവകാശ തര്‍ക്കത്തില്‍ സജീവമാണ്. ചൈനയ്ക്കു ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവും അധികാരവും ഇല്ലെന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ വിധി ചൈന അംഗീകരിച്ചിട്ടില്ല.