കൊറോണ ചൈനയുടെ ജൈവായുധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കന്‍ സംഘടനകള്‍ കോടതിയില്‍

വാഷിങ്ടന്‍: കൊറോണ വൈറസിനെ സൃഷ്ടിച്ചത് ചൈനയാണെന്ന് ആരോപിച്ച് അമേരിക്കയിലെ വിവിധ സംഘടനകള്‍ രംഗത്ത്. കോവിഡ് മഹാമാരി ചൈന സൃഷ്ടിച്ച ജൈവായുധമാണെന്ന് ഉന്നയിച്ച് സംഘടനകള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയില്‍ സ്പഷലൈസ് ചെയ്ത ടെക്‌സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടെക്‌സാസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാന്‍ മുഖേനെയാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കൊവിഡ് 19 രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും അനധികൃത ജൈവായുധമായി ചൈനീസ് സര്‍ക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും ഇവരുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കാനായി അവര്‍ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്.

യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതില്‍മാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം. ചൈനയുടേത് ഹൃദയശൂന്യമായ നടപടിയാണ്. ചൈനീസ് ജനത നല്ലവരാണ്. എന്നാല്‍ അവിടത്തെ സര്‍ക്കാര്‍ അങ്ങനെയല്ല. അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിളിച്ച് ചൈനയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തിരുന്നു.