റമദാനില്‍ മുസ്‌ലിംകള്‍ക്ക് ന്യൂയോര്‍ക്കിന്റെ കരുതല്‍; അഞ്ചു ലക്ഷം ഹലാല്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

ന്യൂയോര്‍ക്ക്: വിശുദ്ധ റമസാനില്‍ നോമ്പുതുറയ്ക്കായി ഹലാല്‍ ഭക്ഷണത്തിന്റെ കുറവ് പരിഹരിച്ച് ന്യൂയോര്‍ക്ക് ഭരണകൂടം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ നിമിത്തമാണ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. ഇതോടെ നഗരഭരണകൂടം മുന്‍കൈയെടുത്ത് അഞ്ചു ലക്ഷം ഹലാല്‍ ഭക്ഷണപ്പൊതികള്‍ തയ്യാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലു ലക്ഷം ഭക്ഷണപ്പൊതികള്‍ നേരിട്ടും ഒരു ലക്ഷം സമുദായ സംഘടനകളിലൂടെയുമാണ് വിതരണം ചെയ്യുക.

സാമുദായിക-ചാരിറ്റി സംഘടനകളുടെ സഹായത്തോടെയാണ് ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്നത് എന്ന് മേയര്‍ ബില്‍ ഡെ ബ്ലാസിയോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു ന്യൂയോര്‍ക്കറും വിശന്നിരിക്കില്ലെന്നും ഈ നഗരം എല്ലാം തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെസഹ വ്യാഴത്തിലും ഈസ്റ്ററിലും ക്രിസ്ത്യാനികളും ജൂതരും നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ടിയത് വേദനാജനകമാണ്. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്ന ഇസ്‌ലാം മത വിശ്വാസികളും അതേ പോലൊരു വേദനയിലൂടെയാണ് കടന്നു പോകുന്നത്. മുസ്‌ലിംകള്‍ക്ക് ഏറെ സുപ്രധാനമായ സമയമാണിത്. ആരാധനയ്ക്കായി പുറത്തു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ എല്ലാ ന്യൂയോര്‍ക്കേഴ്‌സിന്റെയും കൂടെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങളും ഭാഗമായിട്ടുണ്ട്’ – ഡെ ബ്ലാസിയോ പറഞ്ഞു.

റമദാന്‍ മുന്നില്‍ ഭക്ഷണ സേവനത്തിന്റെ വിതരണം ഊര്‍ജ്ജിതപ്പെടുത്തിയതായി മേയറും ന്യൂയോര്‍ക്ക് സിറ്റി കോവിഡ് ഭക്ഷണ വിതരണ ചുമതലയുള്ള കാതറിന്‍ ഗാര്‍സ്യയും വ്യക്തമാക്കി. വിവിധ സംഘടനകളുമായി ചേര്‍ന്ന് അഞ്ചു ലക്ഷത്തിലേറെ ഭക്ഷണപ്പൊതികളാണ് ഉണ്ടാക്കുന്നത്.
25 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന അഞ്ചു പ്രദേശങ്ങളില്‍ 32 സ്‌കൂളുകളില്‍ ഭക്ഷണ വിതരണത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം 435 സ്ഥലത്തു നിന്ന് ഹലാല്‍ ഭക്ഷണപ്പൊതികള്‍ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഐ.സി.എന്‍.എ റിലീഫ്, അപ്നാ, അല്‍മദീന ഇന്‍കോര്‍പറേറ്റഡ്, മുസ്‌ലിംസ് ഗിവിങ് ബാക്ക്, മുസ്‌ലിം വുമണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്, അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് മൈനോരിറ്റി വുമണ്‍, അറബ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, കൗണ്‍സില്‍ ഓഫ് പീപ്പള്‍സ് ഓര്‍ഗനൈസേഷന്‍, യമനി അമേരിക്കന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരാണ് ഭക്ഷണ വിതരണത്തിലെ പങ്കാളികള്‍.

അമേരിക്കയിലെ മൊത്തം മുസ്‌ലിംകളില്‍ 22 ശതമാനവും ജീവിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തിലാണ്. നഗരത്തിലെ 40 ശതമാനം ടാക്‌സി ഡ്രൈവര്‍മാരും 57 ശതമാനം തെരുവു കച്ചവടക്കാരും മുസ്‌ലിംകളാണ്. 2016ലെ കണക്കു പ്രകാരം മൊത്തം ഏഴര ലക്ഷം മുസ്‌ലിംകളാണ് ന്യൂയോര്‍ക്കില്‍ താമസിക്കുന്നത്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒമ്പത് ശതമാനം വരുമിത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 285 മസ്ജിദുകളുണ്ട്.

SHARE