കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറിയിലോ?; യു.എസ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറിയാണെന്ന അഭ്യൂഹത്തെക്കുറിച്ച് യു.എസ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നത്.

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടുപിടിക്കാന്‍ അന്വേഷകര്‍ ഒന്നിലധികം വാദങ്ങള്‍ പിന്തുടരുന്നുണ്ട്. കൊറോണ വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണോ എന്നുള്ളത് അതില്‍ ഒന്നു മാത്രമാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നും അബദ്ധത്തില്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയായിരുന്നും എന്ന വാദത്തിലാണ് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ലാബില്‍ ആരെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമം തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിര്‍ണായകമായ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ അമേരിക്കക്കാരെ അന്വേഷണത്തിനായി ചൈന അനുവദിച്ചില്ല. അവര്‍ക്ക് ഇങ്ങനെയൊരു ലാബ് ഉണ്ടെന്ന് അറിയാം. വെറ്റ് മാര്‍ക്കറ്റിനെ കുറിച്ചറിയാം. വൈറസ് ഉത്ഭവിച്ചത് വുഹാനിലാണെന്ന് അറിയാം. ഇതെല്ലാം ഒത്തുചേരുന്നുണ്ട്. എന്നാല്‍ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയുമുണ്ട്. അതെല്ലാം കണ്ടെത്തേണ്ടിരിക്കുന്നുണ്ടെന്നും അന്വേഷണ വിഭാഗം വ്യക്തമാക്കി.

SHARE