യുഎസ് തിരഞ്ഞെടുപ്പ്; സര്‍വ്വേ ഹിലരിക്ക് അനുകൂലം; ആകാംക്ഷയോടെ ഇന്ത്യയും

വാഷിംങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഇന്ന്. അവസാനഘട്ട സര്‍വ്വഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരിക്കാണ് മുന്‍തൂക്കം.

ട്രംപിനെതിരെ ഉയര്‍ന്നുവന്ന െൈലംഗികാരോപണങ്ങളും, ഹിലരിക്കെതിരെയുണ്ടായ ഇ-മെയില്‍ വിവാദവും പ്രചാരണ സമയത്ത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇ-മെയില്‍ വിവാദത്തില്‍ ഹിലരിക്ക് എഫ്ബിഐയുടെ ക്ലീന്‍ചീറ്റ് ലഭിച്ചതോടെ ജയത്തിനുള്ള സാധ്യതയിലും മുന്‍തൂക്കം ലഭിച്ചു.

വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഹിലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്.

വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വ്വേയില്‍ ട്രംപിന് 43ശതമാനം പിന്തുണയും, ഹിലരിക്ക് 48ശതമാനം പിന്തുണയും ലഭിക്കുന്നുണ്ട്. പൊളിറ്റിക്കോയും മോര്‍ണിങ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവും നടത്തിയ സര്‍വ്വേയില്‍ ട്രംപിന് 42ശതമാനവും ഹിലരിക്ക് 45ശതമാനവുമാണ് കണക്കാക്കുന്നത്.

ലോകം ആകാംക്ഷയോടെ അമേരിക്കയിലേക്ക് ഉറ്റനോക്കുന്നത് പോലെതന്നെയാണ് ഇന്ത്യയും തിരഞ്ഞെടുപ്പിനെ നോക്കുന്നത്. ഇന്ത്യയുടെ പാക്കിസ്താനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച അമേരിക്കന്‍ നയത്തില്‍ പുതിയ പ്രസിഡന്റ് വന്നാലും മാറ്റമുണ്ടാവില്ലെന്നാണ് ഇന്ത്യ കരുതുന്നത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരെയാണ് ഇന്ത്യ എക്കാലവും പിന്തുണച്ചുപോരുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താല്‍ പ്രത്യേക താല്‍പ്പര്യമെടുത്ത ക്ലിന്റണ്‍ കുടുംബത്തിലെ ഒരംഗമായ ഹിലരി ക്ലിന്റനാണ് ഇത്തവണ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി.

SHARE