യുഎസില്‍ ഒറ്റദിവസം രണ്ടായിരത്തിലധികം മരണങ്ങള്‍; കോവിഡ് സ്ഥിരീകരണം അഞ്ച് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡാഷ്ബോര്‍ഡിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം യുഎസില്‍ മാത്രം അഞ്ച് ലക്ഷം കവിഞ്ഞു. അതിനിടെ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങള്‍ രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎസ് മാറി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 2,108 പേരാണ് അമേരിക്കയില്‍ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം അണുബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്താകെയുള്ള കോവിഡ് മരണത്തില്‍ ഏറ്റവുമധികം ആള്‍നാശം സംഭവിച്ച രാജ്യമായ ഇറ്റലിയെ യുഎസിന് ഉടന്‍ മറികടക്കാനാണ് സാധ്യത. യുഎസില്‍ ഇപ്പോള്‍ കുറഞ്ഞത് 18,761 മരണങ്ങളും 503,177 സ്ഥിരീകരിച്ച കേസുകളും ഉണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് പറയുന്നു. മരണത്തിന്റെ പകുതിയും തലസ്ഥാന നഗരിയായ ന്യൂയോര്‍ക്ക് പ്രദേശത്താണ്. ആള്‍നാശത്തില്‍ മുന്നിലുള്ള ഇറ്റലിയില്‍ 18,849 മരണങ്ങളും സപെയിനില്‍ 16000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ 102,700 ത്തിലധികം ആളുകളും വൈറസ് ബാധിച്ച് മരിച്ചു.

അതേസമയം, കോവിഡ് വ്യാപനം യുഎസിലുടനീളം ആരംഭിച്ചെങ്കിലും പ്രാരംഭ പ്രവചനത്തേക്കാള്‍ കുറഞ്ഞ മരണസംഖ്യയാവും രാജ്യത്ത് സംഭവിക്കുകയെന്ന് വൈറ്റ് ഹൗസിലെ കോവിഡ് -19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ പറയുന്നു.

100,000 മരണങ്ങളുടെ പ്രാരംഭ പ്രവചനത്തേക്കാള്‍ കുറഞ്ഞ മരണസംഖ്യ അമേരിക്ക കാണുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ‘ഞങ്ങളുടെ പ്രതിരോധപ്രവര്‍ത്തനതന്ത്രം എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണിക്കുന്നതായി ട്രംപ് പറഞ്ഞു.

മെയ് 1 നകം യുഎസിന്റെ മരണസംഖ്യ ഉച്ചസ്ഥായിയിലെത്തുമെന്നും ക്രമേണ കുറയാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ പ്രവചിച്ചിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ യുഎസിലെ മരണസംഖ്യ 2000 ത്തിലാണുള്ളത്. മെയ് 1 നകം ഒരു ദിവസം 970 ആളുകളിലേക്ക് ഇത് കുറയുമെന്നാണ് പ്രവചനം.