അമേരിക്കയിലെ ജീവിതം മടുത്തു; യുഎസ് പൗരത്വം ഉപേക്ഷിച്ച് നിരവധി ആളുകള്‍: കാരണങ്ങള്‍ ഇവയാണ്

വാഷിങ്ടന്‍: അമേരിക്കയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തി മൂലം നിരവധി പേര്‍ യുഎസ് പൗരത്വം ഉപേക്ഷിക്കുന്നുവെന്നു റിപ്പോര്‍ട്ട്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ് പൗരത്വം വേണ്ടെന്നുവച്ചത്. 2019ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ് അക്കൗണ്ടന്റ്്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഓരോ മൂന്നു മാസത്തിലും സര്‍ക്കാര്‍ പുറത്തുവിടുന്ന രേഖകള്‍ പരിശോധിച്ചാണ് പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങളില്‍ അസംതൃപ്തരായി ഇവരെല്ലാം അമേരിക്ക വിട്ടുവെന്ന് സ്ഥാപനത്തില്‍ പങ്കാളിയായ അലിസ്റ്റര്‍ ബാംബ്രിജ് അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കൊറോണ വ്യാപനം കൈകാര്യം ചെയ്ത രീതി, യുഎസില്‍ ഇപ്പോഴുള്ള രാഷ്ട്രീയ നയങ്ങള്‍ എന്നിവയാണ് പലരെയും പൗരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.

നികുതി പ്രശ്‌നങ്ങളും കാരണമാകുന്നുണ്ട്. വിദേശത്തു താമസിക്കുന്ന അമേരിക്കക്കാരെല്ലാം പ്രതിവര്‍ഷം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. വിദേശ അക്കൗണ്ടുകള്‍, നിക്ഷേപം, പെന്‍ഷന്‍ എന്നിവയുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം.പൗരത്വം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2,350 ഡോളര്‍ നല്‍കണം. അവര്‍ അമേരിക്കയിലില്ലെങ്കില്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎസ് എംബസിയില്‍ ഹാജരായി ഇക്കാര്യം അറിയിക്കുകയും വേണം. ഇത്തരം കടമ്പകള്‍ ഉണ്ടെങ്കിലും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

SHARE