അമേരിക്ക വേണ്ട, ജനം കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നു- ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂലം അഭൂതപൂര്‍വ്വമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ് അമേരിക്ക. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് യു.എസ് മുമ്പോട്ടുപോയിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടവും അസംതൃപ്തിയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ, യു.എസ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബാംബ്രിഡ്ജ് അക്കൗണ്ടന്റ്‌സ് എന്ന സ്ഥാപനം ശേഖരിച്ച വിവരങ്ങള്‍ സി.എന്‍.എന്‍ ആണ് പുറത്തുവിട്ടത്. 2020 വര്‍ഷത്തിന്റെ ആദ്യ ആറു മാസം 5800 പേര്‍ പൗരത്വം ഉപേക്ഷിക്കാന്‍ അപേക്ഷ നല്‍കി എന്നാണ് പഠനം പറയുന്നത്. 2019ല്‍ ഇത് 2072 മാത്രമായിരുന്നു. ഇതുവരെ 444 അമേരിക്കക്കാര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് എംബസിയില്‍ എത്തിച്ചിട്ടുള്ളത്. പ്രവാസി യു.എസുകാരാണ് പൗരത്വം ഉപേക്ഷിക്കാന്‍ സന്നദ്ധമായിട്ടുള്ളത് എന്ന് കമ്പനി ഉടമസ്ഥരില്‍ ഒരാളായ അലിസ്റ്റര്‍ ബാംബ്രിഡ്ജ് പറയുന്നു.

പൗരത്വം ഉപേക്ഷിക്കുന്നതിന് പിന്നില്‍ യു.എസ് പ്രസിഡണ്ട് കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയും രാഷ്ട്രീയ നയങ്ങളും കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൗരത്വം ഉപേക്ഷിക്കുന്നവരുടെ നീളം ഇനിയും കൂടും എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അടുത്ത യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുക്കപ്പെടുന്ന നവംബര്‍ വരെ കാത്തിരിക്കുകയാണ് പലരും എന്നാണ് കമ്പനി പറയുന്നത്. ട്രംപ് തന്നെ പ്രസിഡണ്ടായി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ പേര്‍ പൗരത്വം ഉപേക്ഷിക്കും.

നികുതിയാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യു.എസിന് പുറത്ത് ജീവിക്കുന്ന പൗരന്മാര്‍ക്കും നിലവില്‍ വര്‍ഷവും നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട്, പെന്‍ഷന്‍, നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം യു.എസ് അധികൃതരെ അറിയിക്കണം.

യു.എസ് പൗരത്വം ഉപേക്ഷിക്കാന്‍ 2350 ഡോളര്‍ നല്‍കേണ്ടതുണ്ട്. ഇതു കൂടാതെ താമസിക്കുന്ന രാഷ്ട്രങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ നേരിട്ട് ഹാജരാകുകയും വേണം. 90 ലക്ഷം യു.എസ് പ്രവാസികള്‍ ഉണ്ട് എന്നാണ് കണക്ക്.

SHARE