ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വകവെച്ച് ട്രംപ്; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു

വാഷിങ്ടണ്‍: കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രസിസീലില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്ര നിയന്ത്രിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്ലി മക്ഇനാനി അറിയിച്ചു. ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ പുതിയ നടപടി സഹായിക്കുമെന്ന് കെയ്ലി കൂട്ടിച്ചേര്‍ത്തു.

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്രസീല്‍. ബ്രസീലില്‍ ഇതുവരെ 3,63,211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,666 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.

ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ സോണ്‍ എന്നിവയുള്‍പ്പെടെ കോവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് ബ്രസീനുള്ള പുതിയ വിലക്കെന്നാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ തന്നെ കോവിഡ് പ്രതിസന്ധിയെ വിലകുറച്ച് കണ്ട ആളായിരുന്നു ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയും. ട്രംപിനെ പോലെ വൈറസിനെ ഒരു ചെറിയ പനിയോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയികുന്നത്. ലോകാരോഗ്യ സംഘടനേയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡിന്റെ പുതിയ ദുരന്ത ഭൂമിയായി ബ്രിസീല്‍ മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ മാനിക്കുന്നതാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മാസ്‌ക് ഇട്ട് ട്രംപ് എത്തിയതും വാര്‍ത്തയായിരുന്നു.

അതേസമയം ലോകത്ത് കോവിഡ് നാശം ഏറ്റവും കൂടുതല്‍ വിതച്ച അമേരിക്കയില്‍ അവസാന 24 മണിക്കൂറില്‍ മരണം 638 ആയി ഉയര്‍ന്നു. യുഎസിലെ മരണസംഖ്യ ഇതുവരെ 99,300 ആയി. 1,686,436 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

റഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടഞ്ഞ മണിക്കൂറുകളാണ് കഴിഞ്ഞ ദിവസത്തേത്. രാജ്യത്ത് 3,541 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. ഞായറാഴ്ച 153 ന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. മുമ്പത്തെ ഉയര്‍ന്ന നിരക്ക് 150 ആയിരുന്നു. പുതിയ അണുബാധ കേസുകളുടെ എണ്ണം 8,599 ആയിരുന്നു. റഷ്യയില്‍ ഇതുവരെ 344,481 അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസ് അണുബാധ കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍ 5,500,557 ആയി ഉയര്‍ന്നു. സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളില്‍ 2,302057 പേര്‍ക്ക് രോഗമുക്തി നേടി. അതേസമയം ആകെ മരണങ്ങള്‍ 346,719 ആയി.