സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചിട്ടു

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ റാഖ നഗരത്തിനു സമീപം ഐ.എസ് വിരുദ്ധ ദൗത്യത്തിലായിരുന്നു വിമാനമെന്ന് സിറിയന്‍ സേന പറയുന്നു. സിറിയന്‍ പോര്‍വിമാനത്തിന്റെ പൈലറ്റിനെ കാണാതായിട്ടുണ്ട്. യുദ്ധവിമാനം തകര്‍ന്നു വീഴുന്നതിനുമുമ്പ് സിറിയന്‍ സൈനികരും യു.എസ് പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരാളികളും (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്്-എസ്.ഡി.എഫ്) തമ്മില്‍ ഏറ്റമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ എസ്.യു-22 പോര്‍വിമാനം എസ്.ഡി.എഫ് പോരാളികള്‍ക്ക് സമീപം ബോംബ് വര്‍ഷിച്ചതായി യു.എസ് ആരോപിച്ചു. സിറിയന്‍ വ്യോമാക്രമണത്തില്‍ നിരവധി പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും നഗരം വിടാന്‍ എസ്.ഡി.എഫ് നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടവുമായോ അവരെ സഹായിക്കുന്ന റഷ്യന്‍ സേനയുമായോ നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ആത്മപ്രതിരോധ നടപടികള്‍ക്ക് മടിക്കില്ലെന്ന് യു.എസ് സഖ്യസേന വ്യക്തമാക്കി. കഴിഞ്ഞയാഴ്ചകളില്‍ വടക്കന്‍ സിറിയയിലും റാഖ പ്രവിശ്യയിലും യു.എസ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയിരുന്നു. റാഖ വളഞ്ഞിരിക്കുന്ന എസ്.ഡി.എഫ് പോരാളികള്‍ നിരവധി ജില്ലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്ന ചില ഗ്രാമങ്ങളും എണ്ണപ്പാടങ്ങളും അവര്‍ തിരിച്ചുപിടിച്ചിരുന്നു.

SHARE