ബാഗ്ദാദില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇറാനിയന്‍ പിന്തുണയുള്ള ആറ് പൗരസേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിരുന്നു.

SHARE