റാഖയില്‍ യു.എസ് വ്യോമാക്രമണം: 48 മണിക്കൂറിനിടെ നൂറോളം മരണം

 

ദമസ്‌കസ്: സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള റാഖയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ 48 മണിക്കൂറിനിടെ നൂറോളം പേര്‍ കൊല്ലപ്പെട്ടു. ബെദുവു, അല്‍ സുഖാനി നഗരങ്ങളില്‍ തിങ്കളാഴ്ച മാത്രം 55 പേരാണ് കൊല്ലപ്പെട്ടത്. 19 കുട്ടികളും 12 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. സമീപ ദിവസങ്ങളില്‍ രൂക്ഷമായ വ്യോമാക്രമണങ്ങളാണ് റാഖയില്‍ നടക്കുന്നത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ബോംബുവര്‍ഷിച്ചതെന്നിരിക്കെ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രോറ്റിക്ക് ഫോഴ്‌സും ഐ.എസും തമ്മില്‍ രൂക്ഷപോരാട്ടം നടക്കുന്ന യുദ്ധമുന്നണികളില്‍നിന്ന് രക്ഷതേടി ദൂരദിക്കിലുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കുനേരെയാണ് യു.എസ് സഖ്യസേന ബോംബാക്രമണം നടത്തിയത്. ആളനക്കമുള്ള എല്ലായിടങ്ങളിലും അവര്‍ ബോംബുവര്‍ഷിക്കുകയാണെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. റാഖയില്‍ ഭക്ഷണവും മരുന്നും കിട്ടാതെ ജനം വലയുകയാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു. മരുന്നുക്ഷാമം കാരണം പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും സംഘടന വെളിപ്പെടുത്തി. റാഖയില്‍ ജീവിക്കുന്ന ഒരാള്‍ വ്യോമാക്രമണത്തിലോ, മോര്‍ട്ടാര്‍ ആക്രമണത്തിലോ, ഒളിപ്പോരാളിയുടെ വെടിവെപ്പിലോ, ബോംബ് സഫോടനത്തിലോ കൊല്ലപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് യുദ്ധത്തില്‍ ഏഴു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 41കാരനെ ഉദ്ധരിച്ച് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്നാണ് യു.എസ് സഖ്യസേനയുടെ അവകാശവാദം. റാഖയില്‍നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെങ്കിലും 25,000 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്.

SHARE