മരണഭൂമിയായി ന്യൂയോര്‍ക്ക് നഗരം; ശത്രുതമറന്ന് സഹായവുമായി റഷ്യന്‍ സൈനികവിമാനം അമേരിക്കയില്‍

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയുടേയും ആരോഗ്യ വിദഗ്ധരുടേയും കണക്കൂട്ടലുകള്‍പോലെതന്നെ കൊവിഡ 19 പകര്‍ച്ചവ്യാധിക്ക് മുന്നില്‍ വിറങ്ങലിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ അമേരിക്ക നില്‍ക്കെ സഹായ ഹസ്തവുമായി റഷ്യ. കൊവിഡ് 19 ഗുരുതരമായി ബാധിച്ച യുഎസിനെ സഹായിക്കാന്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ സൈനികവിമാനം ന്യൂയോര്‍ക്കിലെത്തി.

രോഗ ഭീതിയില്‍ കഴിയുന്ന അമേരിക്കക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടില്‍ നല്‍കിയ സഹായ വാഗ്ദാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യന്‍ സൈനികവിമാനം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി ന്യൂയോര്‍ക്കിലെത്തിയത്. കൊവിഡ് 19 രോഗബാധ രൂക്ഷമായ ന്യൂയോര്‍ക്കിലാണ് റഷ്യന്‍ വിമാനം ലാന്‍ഡ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസിനെതിരെ പോരാടാന്‍ യുഎസിന് സഹായവുമായി റഷ്യന്‍ സൈനികവിമാനത്തിലെത്തിയ മെഡിക്കല്‍ വസ്തുക്കള്‍

ശത്രുത മറന്ന് മരുന്നുകള്‍, ഫേസ് മാസ്‌കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുമായാണ് 8000 കിലോമീറ്റര്‍ താണ്ടി റഷ്യന്‍ വിമാനം ന്യൂയോര്‍ക്കില്‍ പറന്നിറങ്ങിയത്. യുഎസില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. തുടര്‍ന്ന് ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ മുന്നോട്ടു വെച്ച വാഗ്ദാനം ട്രംപ് സ്വീകരിക്കുകയായിരുന്നു. മാര്‍ച്ച് 30 നാണ് ട്രംപും പുടിനും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നത്.

പകര്‍ച്ചവ്യാധി ഭീതിയില്‍ അമര്‍ന്ന ട്രംപ് ഭരണകൂടം മഹാമാരിയെ കീഴടക്കാന്‍ അമേരിക്കയുടെ കോപ്പ്കൂട്ടലൊന്നും മതിയാകില്ലെന്നാണ് ആശങ്ക നിലനില്‍ക്കെയാണ് റഷ്യയുടെ സഹായമെത്തിയത്. ആസ്പത്രികള്‍ നിറഞ്ഞുകവിയുന്ന രാജ്യത്ത് പുതിയ താത്കാലിക ആതുരസേവന മേഖലകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ട്രംപ് ഭരണകൂടം. കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍, മെഡിക്കല്‍ സപ്ലൈസ്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ട്രംപ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 884 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഒരു ദിവസത്തിനുള്ളില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിലെ പുതിയ റെക്കോര്‍ഡാണിത്. അമേരിക്കയില്‍ ഇതിനകം 2,16000 ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 5,110 പേര്‍ മരണപ്പെട്ടു. 8,878 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയത്.

ജനസംഖ്യയിലും സമ്പത്തിലും ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കാണ് ചൈനയില്‍ വുഹാന്‍ എന്നപോലെ അമേരിക്കയിലെ വൈറസ് കേന്ദ്രമായി മാറിയത്. ലോകനഗരങ്ങളില്‍ തന്നെ ആദ്യസ്ഥാനത്ത് നില്‍ക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ രാജ്യത്തെയാകെയും ലോകത്തെ തന്നെയും ഭയപ്പെടുത്തുന്നത്. അമേരിക്കയില്‍ ആകെ മരിച്ചവരില്‍ രണ്ടായിരത്തിലേറെ പേരും മരിച്ചത് ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. അരലക്ഷത്തിലേറെ ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.