ഇറാന്‍ ആക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് യു.എസ് സമ്മതിച്ചു

വാഷിംഗ്ടണ്‍: ഇറാഖിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ തങ്ങളുടെ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണ്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പകുതി സൈനികരും ഡ്യൂട്ടിയില്‍ തിരിച്ചെത്തി. 34 പേരില്‍ 17 പേല്‍ ഇപ്പോഴും ജര്‍മനിയില്‍ ചികിത്സയിലാണെന്നും പെന്റഗണ്‍ ചീഫ് വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു.
സൈനിക മേധാവി ഖാസിം സുലൈമാനിയെ വ്യോമാക്രണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ ഇറാഖിലെ യു.എസ് സൈനിക താവളത്തില്‍ നടത്തിയ മിസൈലാക്രമണങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദമാണ് പെന്റണഗിന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞിരിക്കുന്നത്.

ജനുവരി എട്ടിന് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ തങ്ങളുടെ 11 സൈനികര്‍ക്ക് പരിക്കേറ്റതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പെന്റഗണിന്റെ വിശദീകരണം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘അവരില്‍ ചിലര്‍ക്ക് തലവേദയുള്ളതായി കേട്ടു. കുറച്ചുപേര്‍ക്ക് മറ്റു ചില പ്രശ്‌നങ്ങളുമുണ്ട്. ഏതായാലും ഞാന്‍ കണ്ട് മറ്റ് പരിക്കുകളുമായി അപേക്ഷിച്ചു നോക്കുമ്പോള്‍ അവയൊന്നും അത്ര ഗൗരവമുള്ളതല്ല.’ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ വാദം. മിസൈലുകള്‍ പതിക്കുമ്പോള്‍ സൈനികരില്‍ ഭൂരിഭാഗവും ബങ്കറുകളിലായിരുന്നതുകൊണ്ട് ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ ഇറാഖിലെ ഐനുല്‍ അസദ് സൈനിക താവളത്തിലുണ്ടായ മിസൈലാക്രമണത്തില്‍ പരിക്കേറ്റ 34 പേരില്‍ 18 പേരെ ഇറാഖില്‍ നിന്ന് ജര്‍മ്മനിയിലെയും കുവൈത്തിലെയും യുഎസ് മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും 16 പേര്‍ക്ക് ഇറാഖില്‍ തന്നെ ചികിത്സ നല്‍കിയതായും ഹോഫ്മാന്‍ പറഞ്ഞു.

എട്ട് പേരെ തുടര്‍ച്ചയായ നിരീക്ഷണത്തിനോ ചികിത്സയ്‌ക്കോ വേണ്ടി അമേരിക്കയിലേക്ക് കൊണ്ടുപോയി. കുവൈത്തിലേക്ക് അയച്ച ഒരു സൈനികന്‍ ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തി.
ഇറാന്റെ അപ്രതീക്ഷിത ആക്രമണം അമേരിക്കക്ക് കനത്ത പ്രഹരമായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. ഇറാന് മറുപടി നല്‍കാന്‍ യു.എസ് തയാറായിരുന്നില്ല. മിസൈലാക്രമണം ഏകോപിതവും ആസൂത്രിതവുമായിരുന്നുവെന്ന് സംഭവം നടക്കുമ്പോള്‍ യു.എസ് താവളത്തിലുണ്ടായിരുന്ന യു.എസ് സൈനികരും സമ്മതിക്കുന്നുണ്ട്. ബഗ്ദാദില്‍ സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. യു.എസ് സേനയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തു. ഇറാഖ് യുദ്ധത്തില്‍ ചെലവിട്ട പണം മുഴുവന്‍ തിരിച്ചുതരാതെ പുറത്തുപോകില്ലെന്നാണ് ട്രംപ് അതിന് മറുപടി നല്‍കിയത്. അടുത്തിടെ യു.എസ് സേനയുമായി ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്ന റിപ്പോര്‍ട്ട് ഇറാഖ് തള്ളിയിരുന്നു.

SHARE