കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്. അനീസ് റഹ്മാന്‍ എന്ന ആളെയാമ് കാണാതായതെന്ന് കൂടെയുള്ളവര്‍ നാട്ടുകാരോട് പറഞ്ഞു.

മഴക്കാലത്ത് പെട്ടെന്നുള്ള മലവെള്ള പാച്ചിലിന് സാധ്യതയുള്ള അപകടംപിടിച്ച സ്ഥലമാണ് ഉറുമി വെള്ളച്ചാട്ടപ്രദേശം. നാലുപേര്‍ കുളിക്കാനിറങ്ങിയപ്പോള്‍ പെട്ടെന്ന് മുകളില്‍ മഴപെയ്യുകയും മലവെള്ള പാച്ചിലില്‍ സംഭവിക്കുകയുമായിരുന്നു. രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. ഇതിനിടെ ശക്തമായ ഒഴുക്കുണ്ടായി. ഇതോടെ മൂന്നുപേര്‍ പെട്ടന്ന് കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ഒഴുകിപോവുകായയിരുന്നു. മുക്കം ഫയര്‍ഫഴ്സും തിരുവമ്പാടി പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.