ഉരുള്‍പൊട്ടല്‍; കലിതുള്ളാന്‍ കാത്ത് കൊളമലയും

ഉരുള്‍പൊട്ടലോടെ എല്ലാം ഒലിച്ചുപോയ കരിഞ്ചോല പ്രദേശം

താമരശ്ശേരി: കരിഞ്ചോല പ്രദേശത്തെ നക്കിത്തുടച്ച ഉരുള്‍പൊട്ടല്‍ ഖനന മാഫിയ കയ്യടക്കിയ കൊളമല വനമേഖലയേയും കലിതുള്ളിക്കുമെന്ന് ആശങ്ക. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കൊളമലയില്‍ നാട്ടുകാരെ ഭീതിയിലാക്കിയാണ് ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. രാപകല്‍ ഭേദമന്യേ കൊളമലയെ തച്ചുടച്ച് ഇവിടെ ഖനനം തുടരുകയാണ്. കരിഞ്ചോല സ്ഥിതിചെയ്യുന്ന പൂവന്‍മലക്ക് എതിര്‍വശത്താണ് കൊളമലയുടെ സ്ഥാനം. പരിസ്ഥിതി പ്രാധാന്യം ഏറെയുള്ള ഈ കുന്ന് വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണ്. കട്ടിപ്പാറ പഞ്ചായത്തില്‍ ഒരുകാലത്ത് തലയെടുപ്പോടെ നിന്ന ഈ മല ഇന്ന് മരണത്തോട് മല്ലിടുകയാണ്. മല തുരന്ന് നൂറുകണക്കിന് ലോഡ് കല്ലാണ് ക്വാറി മാഫിയ ഇവിടെ നിന്നും കടത്തുന്നത്. ഇതോടെ പ്രദേശത്തിന്റെ സന്തുലനാവസ്ഥ തന്നെ തകരാറിലായി. ഒരു മഴ പെയ്താല്‍ മലവെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങും. ക്വാറിയിലെ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ താഴ്‌വാരത്തുള്ള ചമല്‍, വെണ്ടേക്കുംചാല്‍, പൂലോട്, വേനക്കാവ്, കേളന്‍മൂല, ഈങ്ങാപ്പുഴ പ്രദേശങ്ങളെ പോലും പ്രകമ്പനം കൊള്ളിക്കാറുണ്ട്. സ്ഫോടനങ്ങളില്‍ വീടുകളിലെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് ക്വാറിയില്‍ നിന്നുയരുന്ന പൊടി സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2014 ജൂണ്‍ 4ന് കൊളമലയുടെ വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. അന്ന് രണ്ട് കൂറ്റന്‍ പാറക്കല്ലുകളാണ് അരകിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തിയത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ അന്ന് ദുരന്തം വഴിമാറുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഈ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കി ക്വാറി മാഫിയ പ്രതിഷേധം തണുപ്പിച്ചു. മഴ കനത്തതോടെ ഇന്ന് ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് കൊളമലയുടെ താഴ്‌വാരങ്ങള്‍. മഴ വകവെക്കാതെ കൊളമലയില്‍ ഖനനവും സ്‌ഫോടനങ്ങളും തകൃതിയായി തുടരുകയാണ്. ഇനിയൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

SHARE