ഹൈദരാബാദ്: പതിവായി വൈദ്യുതി മുടങ്ങിയതില്‍ കുപിതരായ നാട്ടുകാര്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുര്‍ഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. റീഡിങ് എടുക്കാന്‍ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാര്‍ തൂണില്‍ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്.
റീഡിങ്ങിനെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്നും ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്‌നീഷ്യനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു.വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി വിളിച്ചു പറയുമ്പോള്‍ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നാലെ ജീവനക്കാരുമായി വാക്കുതര്‍ക്കമായി. ഇതില്‍ കുപിതരായ നാട്ടുകാര്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൂണില്‍ ഉദ്യോഗസ്ഥരെ കെട്ടിയിടുകയായിരുന്നു. ഇവരില്‍ ഒരാള്‍ ഓഫീസില്‍ വിവരം അറിയിച്ചു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറും പൊലീസ് സബ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാന്‍ നാട്ടുകാര്‍ തയ്യാറായത്.