ഒരേ സമയം അധ്യാപിക ജോലി ചെയ്തത് 25 സ്‌കൂളുകളില്‍; ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ

ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപികയായ അനാമിക ശുക്ലയാണ് അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ അധ്യാപികരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ പ്രക്രിയയിലാണ് 25 വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയത്.

കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലത്തിലെ മുഴുവന്‍ സമയ അധ്യാപികയാണ് അനാമിക ശുക്ല. അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
നിലവില്‍ ഇവര്‍ക്കുള്ള എല്ലാ ശമ്പളവും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്.

SHARE