യു.പി പൊലീസിന്റെ അക്രമികളുടെ ലിസ്റ്റില്‍ മരിച്ചവരും

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴിലെ പൊലീസ് കേസെടുത്തവരില്‍ മരിച്ചവരും നിത്യരോഗികളും.
സമാധാനത്തിന് ഭംഗം വരുത്തിയെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് പൊലീസ് തയാറാക്കിയ പ്രതിപ്പട്ടികയില്‍ പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച ആറു വര്‍ഷം മുമ്പ് മരിച്ചയാള്‍ ഉള്‍പ്പെടെ 200 പേരെയാണ് ഉള്‍പ്പെടുത്തിയത്.
ഡിസംബര്‍ 20ന് നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന്റെ പേരില്‍ ഫിറോസാബാദ് പൊലീസ് 2500 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കരുതലെന്ന പേരില്‍ പൊലീസ് നോട്ടീസ് നല്‍കിയ ബന്ന ഖാന്‍ ആറു വര്‍ഷം മുമ്പ് മരിച്ചയാളാണ്. ഇതിനു പുറമെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരായി 10 ലക്ഷം രൂപയുടെ ജാമ്യത്തില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നവരില്‍ രണ്ട് പേര്‍ 90, 93 വയസുള്ളവരാണ്.
90കാരനായ സുഫി അബ്‌റാര്‍ ഹുസൈന്‍ 58 വര്‍ഷമായി ഇവിടുത്തെ ജുമാ മസ്ജിദില്‍ ജോലിചെയ്യുന്നയാളാണ്.
നേരത്തെ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന 93കാരനായ ഫസാഹത്ത് മീര്‍ ഖാനാണ് നോട്ടീസ് ലഭിച്ച മറ്റൊരാള്‍. ഇയാള്‍ ആളുകളെ പോലും തിരിച്ചറിയാനാവാത്ത രീതിയില്‍ കിടപ്പിലാണ്. അതേ സമയം യു.പിയില്‍ മുസ്‌ലിംകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ വ്യാപകമായി കള്ളക്കേസുകള്‍ സൃഷ്ടിക്കുകയാണെന്ന് സാമൂഹ്യ നിരീക്ഷകരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.

SHARE