പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യു.പി ഡി.ജി.പിയുടെ കത്ത്

ലഖ്‌നൗ : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി.സിങ് കത്തയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് യു.പി പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളില്‍ യുപിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡി.ജി.പി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ആരോപിച്ചു. സംസ്ഥാനത്ത് അരാജകത്വമുണ്ടാക്കാനാണ് ശ്രമം. പോപുലര്‍ ഫ്രണ്ടിനെ അടിയന്തരമായി നിരോധിക്കണം-മൗര്യ ആവശ്യപ്പെട്ടു.

കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസ് ആരോപിക്കുന്നത്. ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ് അറിയിച്ചിരുന്നു.

SHARE