പൗരത്വപ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാതെ യു.പി മന്ത്രി

ബിജ്‌നോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടയില്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ മുസ്‌ലിം യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഓം രാജ് സെയ്‌നിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കപില്‍ മരണപ്പെട്ട സുലെമാന്‍, ഐ.എ.എസ് പരീക്ഷാര്‍ഥി അനസ് എന്നിവരുടെ വീടുകളില്‍ കൂടി സന്ദര്‍ശനം നടത്തണമെന്ന അപേക്ഷ നിരാകരിക്കുകയായിരുന്നു.

പ്രക്ഷോഭകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം? അവര്‍ പ്രക്ഷോഭം നടത്തുകയാണ്. വികാരത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. അവരെങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നത്. ഞാനെന്തിന് അങ്ങോട്ട് പോകണം ? പ്രക്ഷോഭകാരികളുടെ അടുത്തേക്ക് ഞാനെന്തിന് പോകണം? കപില്‍ ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ ഇതിനകം 21 പേരാണ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ പലര്‍ക്കും വെടിയേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ വെടിവെച്ചിട്ടില്ലെന്ന് പറഞ്ഞ പൊലീസ് സംഭവം വിവാദമായതോടെ സുലൈമാന്‍ കൊല്ലപ്പെട്ടത് വെടിവെയ്പിലാണെന്ന് സമ്മതിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ മറവില്‍ പൊലീസ് ഗുജറാത്ത് മോഡല്‍ വംശഹത്യയാണ് നടപ്പാക്കുന്നത്. മുസ്‌ലിംകളെ കൂട്ടത്തോടെ കേസില്‍ കുടുക്കി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇതിനകം വന്‍ വിവാദമായിരുന്നു.

SHARE