ജനങ്ങള്‍ക്കു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യൂ; അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയെക്കാള്‍ മികച്ചയാളെ ജനങ്ങള്‍ കണ്ടെത്തും: യുപി മന്ത്രി

ലഖ്നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും മികച്ചയാളെ ജനങ്ങള്‍ തെരഞ്ഞെടുക്കമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്. ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ എത്രയുംവേഗം ചെയ്തില്ലെങ്കില്‍ മോദിയെക്കാള്‍ മികച്ചൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കും എന്നാണ് ഓപ്രകാശിന്റെ പ്രസ്താവന. യുപിയില്‍ ബിജെപി സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടിയുടെ മന്ത്രിയാണ് ഓംപ്രകാശ്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ പിന്നോക്ക വിഭാഗക ക്ഷേമവികസന വകുപ്പാണ് ഓംപ്രകാശ്‌കൈകാര്യം ചെയ്യുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ എന്ന നിലയിലാണ് മോദിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് അതിന് കാരണമായത്. യുപിയില്‍ നമുക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് എസ്പിയും ബിഎസ്പിയും കാരണമാണ്. എന്നാല്‍ നമ്മള്‍ ജനങ്ങളുടെ ക്ഷേമത്തിനായി എന്താണ് ചെയ്തത്? നാളെ ചിലപ്പോള്‍ ജനങ്ങള്‍ക്ക് മറ്റൊരു ഓപ്ഷന്‍ കിട്ടിയേക്കാം, ഓംപ്രകാശ് പറഞ്ഞു.

നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയും രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയും ഓംപ്രകാശ് രംഗത്തെത്തിയിരുന്നു. ആദിത്യനാഥ് മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും തങ്ങളുടെ പാര്‍ട്ടിയെ മറന്നുവെന്നുമായിരുന്നു അന്നത്തെ പ്രസ്താവന. തുടര്‍ന്ന് രാജ്യസഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായി ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നുവരെ അന്നു ഭീഷണിപ്പെടുത്തിയിരുന്നു. 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ ഓംപ്രകാശിന്റെ പാര്‍ട്ടിക്ക് നാല് എംഎല്‍എമാരാണുള്ളത്. എന്‍ഡിഎയ്ക്ക് 324 അംഗങ്ങളാണുള്ളത്.