കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവനെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസിലെനെയാണ് (25) ജനക്കൂട്ടം തല്ലിക്കൊന്നത്.
ഇയാളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സ്ത്രീകളടക്കം ചുറ്റിലുമുള്ളവര്‍ ഈ രംഗം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് ഫൈസലിന് മര്‍ദ്ദനമേറ്റത് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഫൈസല്‍ ഇന്നലെ മരണപ്പെട്ടു.
ജയ്പൂരിലെ ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഫൈസല്‍ അയല്‍ വാസിയുടെ കുട്ടിയുമായി മാര്‍ക്കറ്റിലെത്തിയതാണ് ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവനാണെന്ന സംശയം ഉയര്‍ത്തിയത്. 50 ഓളം വരുന്ന ജനക്കൂട്ടം ഫൈസലിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയും പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂര മര്‍ദ്ദനമേറ്റ് അവശനിലയിലായ ഫൈസലിനെ മാര്‍ക്കറ്റിലെത്തിയ അയല്‍വാസി അസ്്‌ലം അന്‍സാരി തിരിച്ചറിയുകയും ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആസ്പത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതില്‍ മഹേന്ദ്ര കല എന്നയാള്‍ അറിയപ്പെടുന്ന ക്രിമിനലാണ്.

SHARE