പെണ്‍മക്കള്‍ക്കൊപ്പം യാത്രചെയ്യവേ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ആക്രമത്തിന്റെ ഭീകരദൃശ്യം പുറത്ത്-യോഗി സര്‍ക്കാറിനെതിരെ പ്രതിഷേധം

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്രചയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയെ അക്രമികള്‍ റോഡിലേക്ക് പിടിച്ചിറക്കി തലയില്‍ വെടിവെക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയാണ് ജോഷി മരണത്തിന് കീഴടങ്ങിയത്.

അതേസമയം, മാധ്യമപ്രവര്‍ത്തകനെതിരായ അക്രമണവും മരണവും യുപിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിക്രം ജോഷി ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഒരു സംഘം ആളുകള്‍ ജോഷിയെ നിരന്തരം ഉപദ്രവിക്കുന്നതായിയും പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നില്ല. പരാതി നല്‍കി നാലു ദിവസത്തിനു ശേഷമാണ് ജോഷിക്കെതിരെ ആക്രമണമുണ്ടായത്.

ബൈക്കില്‍ സഞ്ചരിക്കവെ ഒരു സംഘം ആളുകള്‍ ഇവരെ വളയുന്നതും തുടര്‍ന്ന് അക്രമികള്‍ വിക്രം ജോഷിയെ പിടിച്ചു മാറ്റി ഒരു കാറിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമംകണ്ട് പെണ്‍കുട്ടികള്‍ പേടിച്ച് നിലവിളിച്ചോടുന്നത് വീഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ നിലത്തു വീണപ്പോള്‍ പെണ്‍കുട്ടികള്‍ കരഞ്ഞു കൊണ്ടു ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

വെടിയേറ്റ് വീണ ജോഷിയുടെ അടുക്കലിരുന്ന് മകള്‍ കരയുകയും സഹായം തേടുകയും ചെയ്യുന്ന ദൃശ്യം യുപിയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ കീഴില്‍ ക്രമസമാധാന മേഖലയില്‍ ഒരു സുരക്ഷയുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

വിക്രം ജോഷിയ്ക്ക് വെടിയേറ്റ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ

സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തലസ്ഥാന നഗരപ്രദേശമായ ഗസിയാബാദില്‍ ഇതാണ് സാഹചര്യമെങ്കില്‍ ഉത്തര്‍ പ്രദേശിലെ മറ്റിടങ്ങളില്‍ ക്രമസമാധാന നില എന്തായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.