അയോധ്യ; പള്ളിക്കു വാഗ്ദാനം ചെയ്ത സ്ഥലം അയോധ്യയില്‍ പെടില്ലെന്ന് യു.പി വഖഫ് ബോര്‍ഡ്


ലക്‌നൗ: മുസ്ലിം പള്ളി നിര്‍മിക്കാന്‍ അയോധ്യക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രംഗത്ത്. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ സഫര്‍യാബ് ജിലാനിയാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാമജന്മഭൂമി സ്ഥലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒരു സൈറ്റില്‍ ഭൂമി വാഗ്ദാനം ചെയ്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. അയോധ്യയില്‍ സ്ഥലം വിട്ടുനല്‍കാനാണ് കോടതി പറഞ്ഞത്.

ഇപ്പോള്‍ അനുവദിച്ച സ്ഥലം രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കം തീര്‍പ്പാക്കുമ്പോള്‍ കോടതി കൈകൊണ്ട വ്യവഹാരത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ്‌രാമജന്മഭൂമി തര്‍ക്കത്തിനുമേലുള്ള ടൈറ്റില്‍ സ്യൂട്ടില്‍ അയോധ്യ എന്നത് ഒരു ചെറുപട്ടണമാണ്. അതിനെ ഒരു കാരണവശാലും സര്‍ക്കാര്‍ സൃഷ്ടിച്ച പുതിയ ജില്ലയുമായി തുലനം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പട്ടണത്തിന്റെ പേരുമാറ്റുകയും അതിന്റെ മുനിസിപ്പല്‍ പരിധി നീട്ടുകയും ചെയ്തതുകൊണ്ട് ഭൂമി അയോദ്ധ്യയിലാണെന്ന് തെളിയിക്കാനാവില്ല.

ഇപ്പോള്‍ കണ്ടെത്തിയ സ്ഥലം അയോധ്യയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഒരു ധര്‍മശാല പണിയാന്‍ ഉപയോഗിക്കണമെന്ന് ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.
ഫെബ്രുവരി 24ന് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരും.

SHARE