രണ്ടിലധികം കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്-പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാ നയം നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യ കുറക്കുന്നതിനായി രണ്ടിലധികം കുഞ്ഞുങ്ങളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. സംസ്ഥാനത്തെ ജനസംഖ്യ സെന്‍സസ് നടത്തിയതിനു ശേഷം ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് യു.പി ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ് പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യ ഇപ്പോള്‍ തന്നെ 20 കോടി കടന്നെന്നും മന്ത്രി പറഞ്ഞു. പുതിയ ജനസംഖ്യാ നയം രൂപീകരിച്ചതിനു ശേഷമേ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന നടപടിയിലേക്ക് കടക്കുകയുള്ളു എന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ഷകരുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ വികസനത്തെ കുറിച്ചൊന്നും സര്‍ക്കാര്‍ സംസാരിക്കുന്നില്ല. അത്തരം പരാജയങ്ങള്‍ മറിച്ചുവെക്കാനാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.