യു.പിയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഫാറൂഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഷംഷാദ് മാര്‍ക്കറ്റിനടുത്തുള്ള മുഹമ്മദ് ഫാറൂഖിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ ഓഫീസിലേക്ക് ഇരച്ചുകയറുകയും ഫാറൂഖിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തിരക്കേറിയ സ്ഥലത്തെ വെടിയൊച്ച കേട്ട് ജനക്കൂട്ടം അക്രമികളില്‍ ഒരാളെ പിടികൂടിയെങ്കിലും കൂട്ടാളികള്‍ വെടിയുതിര്‍ത്ത് ജനക്കൂട്ടത്തെ ഭയപ്പെടുത്തി ഇയാളെ മോചിപ്പിച്ചു. ഫാറൂഖിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം.

SHARE