അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനും കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡോക്ടറുടെ മാര്‍ഗനിര്‍ദേശപ്രകാരം സ്വയം ചികിത്സയിലാണെന്നും എല്ലാവരും വളരെ ശ്രദ്ധപുലര്‍ത്തണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണിന്റെ കോവിഡ് മരണത്തിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനും കോവിഡ് സ്ഥിരീകരിക്കുന്നത്. ജൂലായ് 18 ന് കോവിഡ് സ്ഥിരീകരിച്ച കമല്‍ റാണി ലഖ്നൗവിലെ ആശുപത്രിയില്‍ വെച്ചാണ് ഇന്ന് മരണപ്പെട്ടത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി. രാജ്യത്ത് കോവിഡ് ബാധിച്ച് മന്ത്രി മരിക്കുന്നത് ആദ്യമായാണ്.

കോവിഡ് സ്ഥീരീകരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഷായെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തി. റിസള്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോണം’ ഷാ ട്വിറ്ററില്‍ കുറിച്ചു.