മുസ്‌ലിംലീഗ് യു.പി, അസം, മംഗലാപുരം സഹായഫണ്ട് വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍, ഖാദര്‍ മൊയ്തീന്‍

കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ജീവന്‍ അര്‍പ്പിച്ചവരുടെ കുടുംബത്തെ സഹായിക്കാനും പരിക്കേറ്റവരുടെ ചികിത്സക്കും നിയമ സഹായത്തിനും പുനരധിവാസത്തിനുമായി മുസ്‌ലിംലീഗ് സ്വരൂപിക്കുന്ന യു.പി, ആസാം, മംഗലാപുരം സഹായ ഫണ്ട് വിജയിപ്പിക്കണമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളും ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീനും അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ രാജ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്‌ലിംലീഗിന്റെ ഉന്നതതല നേതൃ സംഘം യു.പിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടത് ഭരണകൂട ഭീകരതയുടെ ദാരുണ നേര്‍ക്കാഴ്ചകളാണ്. ഈ മനുഷ്യാവകാശ നിഷേധത്തിനെതിരെ മതേതര ഇന്ത്യയുടെ മനസ്സ് ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള നിയമപോരാട്ടവും മുന്നോട്ട് കൊണ്ടുപോകണം. കൊല്ലപ്പെട്ടവര്‍ അധികവും ചെറുപ്പക്കാരാണ്. അനാഥരായ അവരുടെ മക്കള്‍, വിധവകള്‍, തുണയില്ലാതായ മാതാപിതാക്കള്‍ അവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യതയും നമുക്ക് ഏറ്റെടുക്കണം. യു.പിയിലും ആസാമിലും മംഗലാപുരത്തും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളെ സഹായിക്കാനും മറ്റ് നിയമ സഹായങ്ങള്‍ നല്‍കുന്നതിനും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത്രയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ഭീമമായ തുക സ്വരൂപിക്കേണ്ടതുണ്ട്.

ജനുവരി 24ന്, വെള്ളിയാഴ്ച മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഏകദിന ഫണ്ട് കളക്ഷന്‍ നടത്തണം.
ശാഖാതലത്തില്‍ സമാഹരിച്ച തുക പഞ്ചായത്ത് കമ്മിറ്റികള്‍ ശേഖരിച്ച് മണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറണം. മണ്ഡലം കമ്മിറ്റികള്‍ 25നു ജില്ലാകമ്മിറ്റികളെ ഏല്‍പ്പിക്കണം. ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച സംഖ്യയുടെ മുഴുവന്‍ കണക്കുകളും 26നു പ്രസിദ്ധീകരിക്കണം.
ജില്ലാ കമ്മിറ്റികള്‍ സമാഹരിച്ച മൊത്തം തുക ജനുവരി 28ന് സംസ്ഥാന കമ്മിറ്റിയെ ഏല്‍പിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ സമാഹരിച്ച തുകയുടെ മുഴുവന്‍ ജില്ല തിരിച്ചുള്ള കണക്കും പ്രസിദ്ധീകരിക്കും. സംസ്ഥാന കമ്മിറ്റികള്‍ സമാഹരിച്ച തുക ദേശീയ കമ്മിറ്റിയുടെ താഴെ കൊടുത്ത അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫണ്ട് കളക്ഷന്‍ വിജയിപ്പിക്കുന്നതിന് ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.