യുദ്ധക്കളമായി യു.പി; സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച ആറ് പേര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. യു.പിയിലെ ബിജ്‌നോറില്‍ രണ്ട് പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലായാണ് മറ്റ് നാല് പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍, പൊലീസ് വെടിവെപ്പിനെ തുടര്‍ന്നല്ല മരണമെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ യുദ്ധസമാന സാഹചര്യമാണ് യു.പിയില്‍. എന്നാല്‍, പൊലീസ് വെടിവെപ്പിനെ തുടര്‍ന്നല്ല മരണങ്ങളെന്ന് ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അവകാശപ്പെട്ടതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബുള്ളറ്റ് പോലും തങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.’ഞങ്ങള്‍ ആരെയും വെടിവച്ചില്ല. എന്തെങ്കിലും വെടിവെപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നായിരുന്നു’ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റിനും വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് പിന്നാലെ യു.പിയിലെ 13 ജില്ലകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിരോധന ഉത്തരവുകള്‍ ലംഘിച്ച് സംസ്ഥാനവ്യാപകമായി ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി കര്‍ശന സുരക്ഷാ നടപടികള്‍ നടപ്പാക്കിയിട്ടും അക്രമം നടന്നു.

SHARE