ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ശാസത്രീയമായ പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം മോദി സര്‍ക്കാര്‍ സമയം ചലവഴിച്ച അബദ്ധ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്.
അശാസ്ത്രീയമായ അബദ്ധ പ്രചരണങ്ങള്‍ക്കോ അത്തരം മാനസികാവസ്ഥകള്‍ക്കോ ഒരിക്കലും കോവിഡില്‍ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബലിന്റെ ട്വീറ്റ്.
കോവിഡ് കാലത്ത് ഐസിഎംആര്‍ അവകാശപ്പെട്ട കോവിഡ് 19 വാക്‌സിന്‍, 18 ദിവസത്തിനുള്ളില്‍ മഹാഭാരത യുദ്ധം ജയിച്ചപോലെ ലോക്കഡൗണില്‍ 21 ദിവസം കാത്തിരുന്നാല്‍ യുദ്ധം വിജയിക്കുമെന്ന മോദിയുടെ പ്രഖ്യാപനം. മോദി മന്ത്രിസഭയിലെ നേതാവിന്റെ കൊറോണ ഗോ മന്ത്രം, ചാണക ചികിത്സ തുടങ്ങിയ അബന്ധ പ്രചരണങ്ങള്‍ക്കൊ മാനസികാവസ്ഥകള്‍ക്കോ ഒരിക്കലും പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കപില്‍ ട്വീറ്റ് ചെയ്തത്.
ദേശീയ വിഷയത്തില്‍ അഗ്രസീവ് മോഡ് ആരംഭിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മോദി സര്‍ക്കാറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വീഡിയോ വാര്‍ തന്നെ ആണ് ആരംഭിച്ചിരിക്കുന്നത്.
ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദ്രനിരപ്പിൽനിന്ന് 11,000 അടി മുകളിലുള്ള നീമുവിൽ സൈനികരെ അഭിസംബോധന ചെയ്തപ്പോൾ ചൈനയുടെ പേരെടുത്തു പറയാതെ ‘ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവരുടെ കാലം കഴിഞ്ഞു’വെന്ന് പറഞ്ഞതിനു പിന്നാലെയാണ് കോൺഗ്രസിന്റെ കടന്നാക്രമണം വരുന്നത്.
സ്വന്തമായി യഥാർഥ നിയന്ത്രണ രേഖ ചൈന വരയ്ക്കുന്നതിനോട് കഠിനഹൃദയത്തോടെയുള്ള സമീപനമാണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ കാലത്ത് ഗൽവാൻ താഴ്‌വര ഇന്ത്യയുടേതാണെന്നു ചൈന അംഗീകരിച്ചിരുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.
‘ലൈൻ ഓഫ് ആക്ച്വൽ കണ്‍ട്രോൾ (എൽഎസി – യഥാർഥ നിയന്ത്രണ രേഖ) എന്ന പദം ആദ്യം ഉപയോഗിച്ചത് 1956ൽ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗവെൻ ലായ് ആണ്. പിന്നീട് 1959ലും അദ്ദേഹം ഇതാവർത്തിച്ചു. 1962ലെ യുദ്ധത്തിലും പിന്നീടും ചൈന ഇതു ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അന്നത്തെ അധിനിവേശത്തിനുശേഷം ചൗവെൻ ലായ് നെഹ്റുവിന് ഒരു കത്തെഴുതി. 1959ൽ ചൈന വരച്ച അതിർത്തി അംഗീകരിക്കണമെന്നും ഇവിടെനിന്ന് 20 കിലോമീറ്റർ പിന്നോട്ടുപോകാൻ ചൈന സന്നദ്ധമാണെന്നുമായിരുന്നു കത്തിൽ.
ഇതിനു മറുപടിയായി നവംബർ നാലിനെഴുതിയ കത്തിൽ ചൈനയുടേത് തോറ്റവരുടെയോ ദുർബലരുടെയോ മേൽ അടിച്ചേൽപ്പിക്കുന്ന വിജയിയുടെ തീരുമാനം മാത്രമാണെന്നാണ് നെഹ്റു പറഞ്ഞത്. 1959ലെ അതിർത്തി അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തോട് – എത്ര കഷ്ടപ്പെട്ടാലും എന്തു പ്രത്യാഘാതങ്ങൾ ഉണ്ടായാലും ദീർഘനാൾ ഇന്ത്യ പോരാടേണ്ടി വന്നാലും കീഴടങ്ങില്ലെന്ന സന്ദേശമാണ് നെഹ്റു നൽകിയത്’ – കപിൽ സിബൽ കൂട്ടിച്ചേർത്തു.
1959ലെ ചൈന വരച്ച അതിർത്തിയിൽപ്പോലും ഗൽവാൻ താഴ്‌വര പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്നു കാണിച്ചിരുന്നുവെന്നും അദ്ദേഹം കേന്ദ്രത്തെ കുറ്റപ്പെടുത്തി പറഞ്ഞു. ഇപ്പോൾ ഗൽവാൻ താഴ്‌വര പൂർണമായും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്, കപിൽ സിബൽ കൂട്ടിച്ചേർത്തു .
ഇതു വികസനത്തിന്റെ കാലഘട്ടമാണെന്നും വിപുലീകരണശക്തികൾക്ക് പിൻവാങ്ങുകയോ പരാജയപ്പെടേണ്ടി വരികയോ ചെയ്യേണ്ടിവരുമെന്നാണ് ചരിത്രം പറയുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു.