കാസര്‍ക്കോട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്‌കൂളില്‍ വെച്ച് പാമ്പു കടിയേറ്റ് മരിച്ച ഷഹലയെ ഓര്‍ത്തത് സ്ഥലം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാത്രം. സ്‌കൂള്‍ കലോത്സവങ്ങള്‍ അരങ്ങുവാഴുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പു കടിയേറ്റ് മരിച്ച ഷഹല ഷെറിനും, കായിക മേളയില്‍ തലയില്‍ ഹാമ്മര്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സണും, കളിക്കുന്നതിനിടെ തലയില്‍ ബാറ്റ് കൊണ്ട് മരണപ്പെട്ട വിദ്യാര്‍ഥി നവനീതിനും കേരളത്തിന്റെ നൊമ്പരമായി മാറിയത്. എന്നാല്‍ ഇതിന് പിന്നാലെ എത്തിയ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രമുഖര്‍ അണിനിരന്നപ്പോള്‍ വിധിയെടുത്തുപോയ വിദ്യാര്‍ത്ഥികളെ സ്മരിക്കാന്‍ മറക്കുകയായിരുന്നു.
എന്നാല്‍ ഉദ്ഘാടന വേദിയിലെ മുഖ്യപ്രഭാഷണത്തില്‍ പ്രമുഖരെ അഭിസംബോധന ചെയ്ത ശേഷം ഷെഹലയെയും, അഫീല്‍ ജോണ്‍സണെയും, നവനീതിനേയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഓര്‍മ്മിച്ചു. ഈ കലേത്സവത്തില്‍ നമ്മളോടൊപ്പം ഇല്ലാത്ത മൂന്നു കുഞ്ഞുങ്ങളാണവര്‍. ദാരുണമായ വിധിയില്‍ ഈ അടുത്തകാലത്തായി അവരുടെ ജീവന്‍ അപഹരിക്കുകയായിരുന്നെന്ന് പറഞ്ഞ ഉണ്ണിത്താന്‍, അവരുടെ ആദരാജ്ഞികളര്‍പ്പിക്കാനാണ് തന്റെ പ്രസംഗം ഉപയോഗപ്പെടുത്തിയത്.
28 വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍ക്കോട് ജില്ലയിലേക്ക് വിരുന്നെത്തിയ ഏഷ്യയിലെ ഏറ്റവും വലിയ മഹാമേളക്ക് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള ഐങ്ങോത്ത് മൈതാനത്തെ പ്രധാനവേദിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടനം. വിഭജനത്തിന്റെ മതിലുകളെ തകര്‍ക്കുന്ന മരുന്നാണ് കലകളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രക്ഷിതാക്കള്‍ തമ്മിലുള്ള മത്സരത്തിനോ അപ്പീലുകളുടെ പ്രളയത്തിനോ അല്ല കലോത്സവം സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സമന്വയത്തിന്റെ വേദി കൂടിയാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു. ‘മതിലുകളെല്ലാം ഇടിഞ്ഞു, മനസ്സിന്റെ അതിരുകള്‍ ആകാശമാകുന്നു’ എന്ന് തുടങ്ങുന്ന ഒ.എന്‍.വിയുടെ കവിത ആലപിച്ചാണ് സ്പീക്കര്‍ പ്രസംഗം അവസാനിപ്പിച്ചത്.
കലോത്സവങ്ങളെ മത്സര ബുദ്ധിയോടെ കാണരുതെന്നും സ്വയം തിരിച്ചറിവിനുള്ള അവസരമായി എടുക്കണമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത സിനിമാതാരം ജയസൂര്യ പറഞ്ഞു. റവന്യു മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, പ്രതിപക്ഷ ഉപ നേതാവ് ഡോ.എം.കെ മുനീര്‍, എം.എല്‍.എമാരായ എം.സി ഖമറുദ്ധീന്‍, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, നഗരസഭ ചെയര്‍മാന്മാരായ വി.വി രമേശന്‍, ജയരാജ്, ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗൗരി, വി.പി ജാനകി, പി രാജന്‍, മുഹമ്മദ് കുഞ്ഞി ചായന്റടി, എ.കെ.എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ദാമോദരന്‍, പ്രഭാകരന്‍, ഷാനവാസ് പാദൂര്‍, മഹമൂദ് മുറിനാവി, ഡോ.പ്രസാദ്, കുട്ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ സ്വാഗതവും പൊതു വിദ്യാദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നന്ദിയും പറഞ്ഞു.കെ.പി മണികണ്ഠദാസ് രചിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. 60 അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ച സ്വാഗതഗാനത്തിന് 120 വിദ്യാത്ഥിര്‍കളാണ് ദൃശ്യഭാഷയൊരുക്കിയത്. 28 വേദികളിലായി 239 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ 13,000ത്തോളം വിദ്യാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്.