ഭരണപരാജയത്തിന്റെ സാക്ഷ്യപത്രം

അഹമ്മദ്കുട്ടി ഉണ്ണികുളം

പിണറായി സര്‍ക്കാറിന്റെ പത്തുമാസ ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരില്‍ മാത്രമല്ല ഭരണപക്ഷത്തെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തൊരു വിഡ്ഢിത്തമാണ് കോടിയേരി പറഞ്ഞതെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പരസ്പരം ചോദിക്കുന്നു. കേരളത്തിന്റെ സ്ഥിതി അത്രമേല്‍ ഗുരുതരമാണെന്ന് അവര്‍ക്കുമറിയാം. രൂക്ഷമായ വിലക്കയറ്റത്തിന്റെ നാളുകളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ‘ഒരു കിലോ അരിക്ക് ഒരു ഡോളര്‍’ എന്ന പുത്തന്‍ സമവാക്യം രൂപപ്പെട്ടുകഴിഞ്ഞു. പൊതുവിതരണ സമ്പ്രദായവും സര്‍ക്കാറിന്റെ റേഷനിങും താറുമാറായി. കൊലപാതക രാഷ്ട്രീയം കടിഞ്ഞാണില്ലാതെ മുന്നേറുന്നു. സ്ത്രീ പീഡനങ്ങളുടെ പുതിയ പുതിയ സംഭവങ്ങള്‍ ഓരോ ദിവസവും പലവട്ടം പുറത്തുവരുന്നു. പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികളുടെ ദീനരോദനം നിത്യസംഭവമായി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ കണ്‍വെട്ടത്തു നിന്ന് ഓടിമറയുന്ന അവസ്ഥയുണ്ടായി. സ്വജനപക്ഷപാതത്തിന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന് ആദ്യമേ പുറത്തു പോകേണ്ടിവന്നു.
പി.കെ ശ്രീമതി എം.പിയുടെ പുത്രനും ജയരാജന്റെ ഭാര്യാസഹോദരീ പുത്രനുമായ സുധീര്‍ നമ്പ്യാരുടെ കെ.എസ്.ഐ.ഇ.ഡി മാനേജിങ് ഡയരക്ടര്‍ നിയമനം, ജയരാജന്റെ സഹോദരി ഭര്‍ത്താവിന്റെ അനുജന്‍ എം.കെ ജില്‍സന്റെ കാക്കനാട് കിനസ്‌കൊ എം.ഡി നിയമനം, ഇ.കെ നായനാരുടെ പൗത്രന്‍ സൂരജ് രവീന്ദ്രന്റെ കിന്‍ഫ്രാ ഫിലിം പാര്‍ക്ക് എം.ഡി പദവി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ കിന്‍ഫ്ര ജനറല്‍ മാനേജര്‍ സ്ഥാനം, പി.കെ ചന്ദ്രാനന്ദന്റെ മകള്‍ ബിന്ദുവിനെ വനിതാ വികസന കോര്‍പറേഷന്‍ എം.ഡി ആക്കിയത്, കോടിയേരിയുടെ ഭാര്യാസഹോദരന്‍ എസ്.ആര്‍ വിനയകുമാറിന് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എം.ഡി സ്ഥാനം നല്‍കിയത്, സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എം.എം ലോറന്‍സിന്റെ സഹോദരീ പുത്രന്‍ ജോസ്‌മോന് കേരള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എം.ഡി പദവി കൊടുത്തത്, തിരുവനന്തപുരം ജില്ലാ സി.പി. എം സെക്രട്ടറിയേറ്റംഗം എന്‍.സി മോഹനന്റെ ഭാര്യ അഡ്വ. രേഖാ സി. നായരെ ടെല്‍ക് ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിച്ചത്, സി.പി.എം കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയംഗം വി.വി.പി മുസ്തഫയുടെ ഭാര്യാബന്ധു ടി.കെ മന്‍സൂറിന് ബേക്കല്‍ റിസോര്‍ട്ട് എം.ഡി സ്ഥാനം, കോലിയക്കോടിന്റെ സഹോദര പുത്രന്‍ നാഗരാജ് നാരായണന്‍, സി.എം ദിനേശ് മണിയുടെ സഹോദര പുത്രന്‍ സി.എം സുരേഷ്ബാബു, പിണറായിയുടെ ഭാര്യാസഹോദരീ പുത്രന്‍ ടി. നവീന്‍, മുന്‍ കോഴിക്കോട് മേയര്‍ എ. കെ പ്രേമജത്തിന്റെ മകന്‍ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരുടെ സ്ഥാനലബ്ധികള്‍- ഇതെല്ലാം കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ഇതിന്റെയെല്ലാം അവസാനത്തില്‍ ഉത്തരം പറയേണ്ടതോ പിണറായിയും. ഉപതെരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറയുമ്പോള്‍ നേരെ ചെന്നുകൊള്ളുന്നത് പിണറായിക്കാണ്. അപ്പുറത്ത് അവസരം കാത്തിരിക്കുന്ന വി.എസിന്റെ ഒരടി മുന്നിലേക്കാണ് കോടിയേരി കുരുക്ക് എറിഞ്ഞത്. ജനവിധി പിണറായി സര്‍ക്കാറിന്റെ ഹിതപരിശോധനയാവണമെന്ന് ജനങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്.
കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കൂട്ടുപിടിച്ച് ബി.ജെ.പിയെ ഒറ്റപ്പെടുത്താനാവില്ലെന്നാണ് കോടിയേരിയുടെ വാദം. ഇതിനുള്ള മറുപടി സീതാറാം യെച്ചൂരി മാര്‍ച്ച് 18ന് പാര്‍ട്ടി പത്രത്തില്‍ അക്കമിട്ട് എഴുതിയിട്ടുണ്ട്. ബി.ജെ.പിക്ക് യാതൊരു രാഷ്ട്രീയ വിജയവും ഉണ്ടായിട്ടില്ലെന്ന് യെച്ചൂരി പറയുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് 42.3 ശതമാനം വോട്ടു കിട്ടിയപ്പോള്‍ ഇപ്പോള്‍ 39.7 ശതമാനമേ ലഭിച്ചിട്ടുള്ളൂ. 2014നെക്കാള്‍ 2.6 ശതമാനമാണ് ബി.ജെ.പിക്ക് കുറഞ്ഞത്. ഉത്തരാഖണ്ഡില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 55.3 ശതമാനവും ഇപ്പോള്‍ 46.5 ശതമാനം വോട്ടുമാണ് കിട്ടിയത്. 8.8 ശതമാനം വോട്ട് കുത്തനെ കുറഞ്ഞു എന്നര്‍ത്ഥം. സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യം മത്സരിച്ചു. മായാവതി വേറിട്ട് മത്സരിച്ചു. എന്നിട്ടുപോലും ബി.ജെ.പിക്ക് യു.പിയില്‍ 39.7 ശതമാനം വോട്ടും ഉത്തരാഖണ്ഡില്‍ 46.5 ശതമാനവുമേ ലഭിച്ചുള്ളൂ എന്നദ്ദേഹം എഴുതുന്നു. യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയം സമര്‍ത്ഥിച്ച ശേഷം പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതായും അദ്ദേഹം പറയുന്നു.
യെച്ചൂരിയുടെ വാക്കുകള്‍: ‘..എന്നാല്‍ പഞ്ചാബില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. അവിടെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാര്‍ വലിയ വ്യത്യാസത്തില്‍ അധികാരത്തില്‍ നിന്നു പുറത്തായി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പക്ഷെ, ഭൂരിപക്ഷം നേടാനായില്ല. ഈ രണ്ടു സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഭയപ്പെടുത്തലിന്റെയും പ്രീണനത്തിന്റെയും കാബിനറ്റ് റാങ്കുള്ള മന്ത്രിപദം നല്‍കാമെന്ന പ്രലോഭനത്തിന്റെയും വന്‍തോതില്‍ പണത്തിന്റെയും ബലത്തില്‍ ഈ സംസ്ഥാനങ്ങളിലെ ജനവിധി അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു’. ‘മലപ്പുറത്തേക്ക്’ എന്ന ലേഖനത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി പരിഹസിക്കുകയാണ് കോടിയേരി ചെയ്തതെങ്കില്‍, ഈ കൊടുങ്കാറ്റിലും പിടിച്ചുനിന്ന കോണ്‍ഗ്രസിനെ പ്രശംസിക്കുകയും പ്രലോഭനവും പണവും ഉപയോഗിച്ച് ജനവിധി അട്ടിമറിച്ച ബി.ജെ.പിയെ കടുത്ത ഭാഷയില്‍ അപലപിക്കുകയുമാണ് അപകടകരമായ വര്‍ഗീയ ധ്രുവീകരണം എന്ന ലേഖനത്തില്‍ യെച്ചൂരി ചെയ്തത്. കോടിയേരിയുടെ അസ്ത്രത്തെ പതിന്മടങ്ങ് ശക്തിയുള്ള ബ്രഹ്മാസ്ത്രം കൊണ്ടാണ് യെച്ചൂരി ഭസ്മമാക്കിയത്.
ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ ഇന്ത്യാ രാജ്യത്ത് സി.പി.എമ്മിന് എന്ത് സംഭാവനയാണുള്ളത്? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ആ പാര്‍ട്ടിയെ അധികാരത്തില്‍ വാഴിച്ചതോ? എത്ര കാലമായി സി.പി.എം ഡല്‍ഹിയില്‍ ധര്‍ണയും പണിമുടക്കും അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും നടത്തുന്നു? ഇന്നലെ വന്ന ആം ആദ്മി പാര്‍ട്ടി അവരുടെ മൂക്കിനു മുന്നിലൂടെയാണ് അധികാരം പിടിച്ചത്. പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി വേരുണ്ടാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം കയ്യില്‍ പിടിക്കാന്‍ വരെ എത്തിയിട്ടും ചരിത്രപരമായ വിഡ്ഢിത്തം നടത്തി. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം കിട്ടിയില്ലെന്നു മാത്രമല്ല കയ്യില്‍ അടക്കിപ്പിടിച്ച ബംഗാളും നഷ്ടപ്പെട്ടു. ലോക്‌സഭയില്‍ ഏറ്റവും വലിയ കക്ഷിയുടെ നേതാവായി പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന എ.കെ.ജിയുടെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായി. ബീഹാറില്‍ നിതീഷ്‌കുമാര്‍ മതേതര ഐക്യത്തിനു രൂപം കൊടുത്തപ്പോള്‍ മുഖ്യധാരയില്‍ നിന്നു മാറിനിന്നു.
യോഗി ആദിത്യനാഥിനെ യു.പിയുടെ മുഖ്യമന്ത്രി സ്ഥാനത്തു വരെ എത്തിച്ച സ്ഥിതിവിശേഷത്തിന് സി.പി.എം വഹിച്ച ചരിത്രപരമായ പങ്ക് ആര്‍ക്കും മറക്കാനാവില്ല. ഇനിയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് പാര്‍ട്ടി പയറ്റുന്നതെങ്കില്‍ തലമറന്ന് എണ്ണ തേക്കുന്നതിനെപറ്റി ഒന്നും പറയാനില്ല.

SHARE